ഒ.എം.നമ്പ്യാര്‍ അന്തരിച്ചു; പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകൻ

 

 

കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റിക്സ് പരിശീലകരിലൊരാളായ ഒ.എം.നമ്പ്യാർ (89) അന്തരിച്ചു.

വടകര മണിയൂരിലെ ഒതയോത്ത് തറവാട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ കാരണം കുറച്ചു വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

1985ൽ ആദ്യ ദ്രോണാചാര്യ പുരസ്കാരം നേടിയത് നമ്പ്യാരാണ്.

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയുടെ അത്‌ലറ്റിക്സ് ഇതിഹാസം പി.ടി.ഉഷയെ രാജ്യാന്തര താരമാക്കി മാറ്റിയത് നമ്പ്യാരാണ്.

32 വർഷം കേരളത്തിന്റെ അത്‌ലറ്റിക്സ് കോച്ചായിരുന്ന അദ്ദേഹം ഉഷയെക്കൂടാതെ ഒട്ടേറെ രാജ്യാന്തര താരങ്ങളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സർവീസസിനായി ഒട്ടേറെ മെഡലുകൾ നേടി.

സർവീസസിന്റെ കോച്ചായാണു പരിശീലക കരിയർ ആരംഭിച്ചത്. തുടർന്ന് 1970ൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചായി ചുമതലയേറ്റെടുത്തു.

കണ്ണൂർ സ്പോർട്സ് ഡിവിഷൻ രൂപീകരിച്ചപ്പോൾ ആദ്യ കോച്ചായി നിയമിതനായി. അക്കാലത്താണു പി.ടി.ഉഷ നമ്പ്യാരുടെ ശ്രദ്ധയിൽപെട്ടത്.

കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ പരിശീലനത്തിലാണ് ഉഷ ‘പയ്യോളി എക്സ്പ്രസായി’ മാറിയത്. ആധുനിക പരിശീലന സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്തും രാജ്യാന്തര അത്‌ലീറ്റുകളെ സൃഷ്ടിച്ചയാളാണു നമ്പ്യാർ.

ഷൈനി വിൽസൻ, വന്ദന റാവു, ബീന അഗസ്റ്റിൻ എന്നിവരുൾപ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിലിൽനിന്നു പടിയിറങ്ങിയ ശേഷവും അദ്ദേഹം കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.

‘സംതൃപ്‌തിയുണ്ട്. ഏറെപ്പേരുടെ കഴിവുകൾ അതിന്റെ പാരമ്യത്തിൽ എത്തിയത് എന്റെ ശിക്ഷണത്തിൽ ആയിരുന്നുവെന്നതു ചെറിയ കാര്യമല്ല.

ഏറ്റവുമൊടുവിൽ ആർ.സുകുമാരിയെന്ന മികച്ച അത്‌ലീറ്റിനെക്കൂടി കേരളത്തിനു നൽകിയാണു മതിയാക്കുന്നത്’ –

2002ൽ കോച്ചിന്റെ വേഷം അഴിച്ചുവച്ചപ്പോൾ വടകര പാലയാട് നടയിലെ വീട്ടിലിരുന്ന് ഒതയോത്തു മാധവൻ നമ്പ്യാർ എന്ന ഒ.എം.നമ്പ്യാർ പറഞ്ഞ വാക്കുകൾ.

ഒ.എം നമ്പ്യാർ പി.ടി.ഉഷയോടൊപ്പം (ഫയൽ ചിത്രം)
Leave A Reply

Your email address will not be published.