സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം ഇന്ന് ഡിസംബർ 3 മുതൽ: മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതി വിശേഷമുണ്ടാകാൻ പാടില്ല എന്ന ഉറച്ച തീരുമാനം സർക്കാർ എടുത്തിരുന്നു. ആ തീരുമാനം നിശ്ചയദാർഢ്യത്തോടെ നടപ്പാക്കി മുൻപോട്ടു പോവുകയാണ്. അതിൻ്റെ ഭാഗമായി സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ (ഡിസംബർ 3) ആരംഭിക്കുകയാണ്.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്.
482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി സർക്കാർ ചെലവിടുന്നത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്നൊരു തുക കൂടി ഇതിനു വേണ്ടി അനുവദിച്ചിട്ടുണ്ട്.
