യേശുവിനുവേണ്ടി രക്തസാക്ഷി മരണം പ്രാപിക്കാനുള്ള വിശ്വാസവും ധൈര്യവും ഇന്നുള്ള സഭാവിശ്വാസികൾക്കുണ്ടോ ?

റവ. ജോർജ് മാത്യൂ പുതുപ്പള്ളി

കഴിഞ്ഞ ദിവസം യേശുവിലുള്ള വിശ്വാസത്തിനുവേണ്ടി
കഴുത്തറക്കപ്പെട്ട നൂറിലേറെ ആഫ്രിക്കൻ ക്രൈസ്തവരുടെ
ഒരു ലൈവ് വീഡിയോ ഒരു സുഹൃത്ത് എനിക്ക് അയച്ചുതന്നത് കാണുവാൻ ഇടയായി.

ഓരോ ക്രിസ്ത്യാനിയും പുഞ്ചിരിയോടെ കഴുത്തു നീട്ടി നിന്നു മരണം ഏറ്റെടുക്കുന്ന കാഴ്ച എന്റെ ഹൃദയം പിളർത്തി.
ഒരാൾ തലയിലും വേറൊരാൾ കാലുകളിലും ചവിട്ടിപ്പിടിച്ച്
ഓരോരുത്തരുടെയും
കഴുത്തറക്കുകയായിരുന്നു.

കഴുത്തു പാതി മുറിച്ച് അർദ്ധപ്രാണരായ ഓരോരുത്തരെയും ഒരു കുഴിയിലേക്ക് തള്ളിയിടുമ്പോൾ
അവസാനശ്വാസം വലിക്കാൻ അവർ മൂരി നിവർക്കുന്ന കാഴ്ച എന്റെ അസ്ഥികളെപ്പോലും മരവിപ്പിച്ചു.

ബാല്യത്തിൽ ഞാൻ കണ്ട പള്ളിപ്പെരുനാളിലെ
കോഴിവെട്ട് നേർച്ചയാണ്
പെട്ടെന്ന് മനസിൽ വന്നത്.
ചുടുചോര ചീറ്റിയൊഴുകുന്നത് കാണാൻ മനക്കട്ടിയില്ലാതെ
ഞാൻ വീഡിയോ ഓഫ് ചെയ്തു.
മനഷ്യരെ നിരത്തി നിർത്തി തലയറാക്കുന്ന ഇത്തരം
ഒരു ലൈവ് കാഴ്ച ജീവിതത്തിൽ ആദ്യമായാണ് ഞാൻ കാണുന്നത്.

രക്തസാക്ഷി മരണം സന്തോഷത്തോടെ ഏറ്റെടുത്ത ആ നിഷ്കളങ്ക വിശ്വാസികൾക്ക് നിത്യതയിൽ ലഭിക്കുവാൻ പോകുന്ന കിരീടത്തിന്റെ
തിളക്കം ഞാൻ ഭാവനയിൽ സങ്കല്പിക്കാറുണ്ട്.

നിരവധി ചിന്തകൾ എന്റെ മനസിൽ ഓടിയെത്തി. സമ്പൂർണ്ണ സുരക്ഷിതത്വത്തിൽ നിന്നുകൊണ്ട്
പ്രസംഗവേദികളിൽ നിന്ന് വെടിപൊട്ടുന്ന ശബ്ദത്തിൽ
ഞാനും വിളിച്ചുപറഞ്ഞിട്ടുണ്ട് : ‘യേശുവിനുവേണ്ടിയും സുവിശേഷത്തിനു വേണ്ടിയും മരിക്കുവാൻപോലും ഞാൻ തയാറാണ്.’

അനേക സുവിശേഷകർ പ്രസംഗ വേദികളിൽ നിന്ന് തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ യേശുവിനുവേണ്ടി മരിക്കാൻ തയാറാണെന്ന് വിളിച്ചുപറയുന്നത്
ഞാൻ കേട്ടിട്ടുണ്ട്.

പല വിശ്വാസികളും സാക്ഷ്യ പ്രസ്താവനകളിൽ അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. രക്തസാക്ഷി മരണം നേരിടാനുള്ള ധൈര്യവും വിശ്വാസവും അവർക്ക് ചിലപ്പോൾ കണ്ടേക്കും. അവരുടെ കാര്യം അവർക്കല്ലേ അറിയൂ, എനിക്ക് അറിയില്ലല്ലോ.

അതുകൊണ്ട് അതിനെപ്പറ്റി ഞാൻ ഒരു വിലയിരുത്തൽ നടത്തുന്നില്ല.
എന്നാൽ എന്റെ കാര്യം ഞാൻ ഒന്നു പറയട്ടെ. യേശുവിനുവേണ്ടി, വിശ്വാസത്തിനുവേണ്ടി തലയറക്കപ്പെടുന്ന ഒരു സന്ദർഭം ഉണ്ടായാൽ ഞാൻ സന്തോഷത്തോടെ അത് ഏറ്റെടുക്കുമോ ?

അതോ ഞാൻ യേശുവിനെ തള്ളിപ്പറഞ്ഞ് എന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമോ ?
എനിക്ക് അറിയില്ല. അപ്പോൾ ഞാൻ നേരത്തെ പറഞ്ഞതൊക്കെ വെറും പൊള്ളയായ, പാഴ്വാക്കുകൾ ആയിരുന്നില്ലേ എന്ന് യഥാർത്ഥ രക്തസാക്ഷിമരണം കണ്ടപ്പോൾ ഞാൻ എന്നോടു തന്നെ ചോദിച്ചു.

കഴുത്തറക്കുവാൻ ജയിലിൽ തയാറാക്കി വച്ച മിന്നുന്ന വാളിൽ നോക്കി സഭാവിശ്വാസികളെ
ധൈര്യപ്പെടുത്തുന്ന കാരഗൃഹ ലേഖനങ്ങൾ എഴുതിയ സെന്റ് പോളിനെ ഞാൻ ഓർത്തു. ശിരസ് വെട്ടി മാറ്റപ്പെടുന്ന സമയത്തുപോലും തന്റെ ആത്മനാഥനായ യേശുവിനെ തള്ളിപ്പറയാതിരുന്ന സെന്റ് പോൾ.

ആ പ്രത്യാശയും ധൈര്യവുമുള്ള ഏതെങ്കിലും ദൈവദാസന്മാരോ
സുവിശേഷ പ്രവർത്തകരോ വിശ്വാസികളോ ഇന്നുള്ള നമ്മുടെ
സഭകളിൽ ഉണ്ടാകുമോ എന്ന് വെറുതെ ഞാൻ ചിന്തിച്ചിട്ടുണ്ട്.

അനുകൂല സാഹചര്യങ്ങളിൽ ജീവിച്ച്, സമ്പൂർണ്ണ സുരക്ഷിതത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്ന നമുക്ക് ക്രിസ്തുവിനുവേണ്ടി രക്‌തസാക്ഷി മരണം ഏറ്റെടുക്കാനുള്ള ധൈര്യവും വിശ്വാസവും ഉണ്ടാകുമോ എന്നും എനിക്കു സംശയം തോന്നിയിട്ടുണ്ട്.
എനിക്കറിയില്ല. ഓരോരുത്തരും
അവനവനോടു തന്നെ ചോദിച്ച് ഉത്തരം കണ്ടെത്തട്ടെ.

‘രക്തസാക്ഷികളുടെ രക്തമാണ് ക്രൈസ്തവസഭയുടെ വളം’
എന്ന് ഒരു ഭക്തൻ പറയുന്നുണ്ട്.
ഞാൻ ഉൾപ്പെടെ ഇന്നുള്ള ബഹുഭൂരിപക്ഷം സുവിശേഷപ്രസംഗകരും
സമ്പൂർണ്ണ സുരക്ഷിതത്വത്തിൽ
നിന്നുകൊണ്ടാണ് സുവിശേഷം പ്രസംഗിക്കുന്നതും സുവിശേഷവേല ചെയ്യുന്നതും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

സാധുക്കളായ നിരവധി സുവിശേഷകർ ജീവൻപോലും
തൃണവൽഗണിച്ച് പ്രതികൂല സാഹചര്യങ്ങളിൽ സുവിശേഷരണാങ്കണത്തിൽ
പോരാടുന്നുണ്ട് എന്ന വസ്തുത
വിസ്മരിക്കുന്നില്ല. വടക്കെ ഇന്ത്യയിലും ആയിരക്കണക്കിന് സുവിശേഷകർ മരിക്കാൻപോലും ഭയമില്ലാതെ ദൈവവേല ചെയ്യുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

ഓരോരുത്തർക്കും അവരവരുടെ ആത്മാർത്ഥതയ്ക്കും
വിശ്വാസത്തിനും ധൈര്യത്തിനും അനുസൃതമായി ദൈവം പ്രതിഫലം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സുവിശേഷവേലയിൽ ഞാൻ ഇറങ്ങിയ ആദ്യനാളുകളിൽ എനിക്ക് ‘സുരക്ഷാഭടന്മാരായി’ (body guards) ചില വിശ്വാസികൾ എന്നോടൊപ്പം വന്നിരുന്നത് ഞാൻ ഓർക്കുന്നു. അത് അരോചകമായി തോന്നിയപ്പോൾ
ഞാൻ തന്നെ അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു. മാലാഖമാർ നമ്മുടെ സുരക്ഷയ്ക്കായി ഉള്ളപ്പോൾ നമുക്കെന്തിന് മാനുഷിക സഹായം ?

വൈദികവൃത്തിയിൽ ആയിരുന്നപ്പോൾ ലഭിച്ചിരുന്ന
സുരക്ഷിതത്വത്തിൽ നിന്നും
തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് സുവിശേഷവയലിൽ
ഇറങ്ങിയപ്പോൾ എനിക്കു ലഭിച്ചത്.
അതുകൊണ്ട് ആദ്യസമയങ്ങളിൽ ഉണ്ടായ പല ദുരനുഭവങ്ങളും
എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.

സ്വർഗത്തിലേക്കുള്ള പാത ഞെരുക്കവും ബുദ്ധിമുട്ടും
നിറഞ്ഞതാണെന്ന യേശുകർത്താവിന്റെ ഉപദേശം ആ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാനുള്ള ശക്തി പ്രദാനം ചെയ്തു.

കാൽ നൂറ്റാണ്ട് കാലത്തെ സുവിശേഷവേലയിൽ കർത്താവിനുവേണ്ടി കൊച്ചു കൊച്ചു ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.
എങ്കിലും രക്തസാക്ഷികൾക്കു ലഭിക്കുന്നതുപോലെയുള്ള വലിയ പ്രതിഫലത്തിനൊന്നും ഞാൻ അർഹനല്ല എന്ന വസ്തുതയും ഞാൻ തിരിച്ചറിയുന്നു.

ഒരു വിദേശരാജ്യത്ത് ഞാൻ പ്രസംഗിക്കുമ്പോൾ ചില സുവിശേഷവിരോധികൾ എനിക്ക് എതിരായി എഴുന്നേറ്റു. ഞാൻ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന കള്ളപ്പരാതി അവർ ഭരണകൂടത്തിനു നൽകി.
ഞാൻ ഇന്നുവരെ ഒരു വ്യക്തിയെപ്പോലും മതപരിവർത്തനം നടത്തിയിട്ടില്ല.
വിശുദ്ധ ബൈബിൾ അടിസ്ഥാനത്തിലുള്ള നിർമ്മല സുവിശേഷം പ്രസംഗിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

അധികാരികൾ എനിക്ക് ഫോൺ ചെയ്തു. ഓഫീസിൽ വന്ന് വിശദീകരണം നൽകണമെന്ന് അറിയിച്ചു. കുറ്റം തെളിഞ്ഞാൽ ഞാൻ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരും.
കോടതിയുടെയും ജയിലിന്റെയും പടം പത്രങ്ങളിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അന്ന് എനിക്ക് പ്രായവും വളരെ കുറവ്‌. മക്കൾ കൊച്ചുകുട്ടികൾ. ഞാൻ ജയിലിൽ പോയാൽ മക്കൾക്കും ഭാര്യയ്ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഓർത്തപ്പോൾ ഞാനും വിഷമിച്ചു.

അവിടെയുള്ള ഒരു സുവിശേഷകന്റെ അതിഥിയായാണ് ഞാൻ താമസിക്കുന്നത്. പ്രതിസന്ധിയിൽ എന്നെ സഹായിക്കാൻ എല്ലാ ചുമതലയുമുള്ള വ്യക്തി. അദ്ദേഹം എനിക്ക് ധൈര്യവും ആശ്വാസവും പകരുമെന്ന് ഞാൻ കരുതി.

എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹം പറഞ്ഞു, ‘മതപരമായ കേസാണിത്. ചിലപ്പോൾ അച്ചനെ പൊലീസ് അതിക്രൂരമായി മർദിക്കും. കൊന്നാൽപ്പോലും ഞാൻ ഒരു സുവിശേഷകൻ ആണെന്നോ, യോഗങ്ങൾ സംഘടിപ്പിച്ചത് ഞാനാണെന്നോ അച്ചൻ അവരോട് പറയരുത്.’

സുവിശേഷവേലയിൽ എന്നെ ഏറെ തളർത്തിയത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു.
ഞാൻ ജയിലിൽപ്പോയാലും വേണ്ടില്ല, മരിച്ചാലും വേണ്ടില്ല,
താൻ രക്ഷപ്പെടണം എന്നു മാത്രമായിരുന്നു കർത്താവിന്റെ ‘വിലയേറിയ’ ആ ദാസന്റെ സ്വാർത്ഥത നിറഞ്ഞ ആഗ്രഹം.
ദൈവത്തെയല്ലാതെ മറ്റാരെയും ആശ്രയിക്കരുതെന്ന് ഞാൻ ആദ്യമായി പഠിച്ചത് അന്നാണ്.

അന്നു രാത്രി ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചു. അതിനുശേഷം
വിശുദ്ധ ബൈബിൾ തുറന്നു.
കണ്ണടച്ച് ഒരു വചനത്തിൽ വിരൽതൊട്ടു. കണ്ണു തുറന്ന് ആ വാക്യം വായിച്ചു. എനിക്കു കിട്ടിയ വാക്യം ഇതായിരുന്നു “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ… 2 കൊരിന്ത്യർ 13: 5

Leave A Reply

Your email address will not be published.