ലോകം കൊവിഡിന്റെ അപകടകരമായ കാലഘട്ടത്തിൽ; നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റ് വ്യാപനം; ലോകാരോഗ്യ സംഘടന
ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യനങ്ങളിൽ കൊവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ അറിയിച്ചു.
ഡെൽറ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കൊവിഡിന്റെ ഏറ്റവും ബലവത്തായ വകഭേദമായി മാറിയിരിക്കുകയാണെന്നും പത്രസമ്മേളനത്തിൽ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസിസ് വിശദീകരിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് മഹാമാരിയുടെ രൂക്ഷമായ ഘട്ടം ഫലപ്രദമായി അവസാനിപ്പിക്കുമെന്ന് നിർദ്ദേശിച്ച അദ്ദേഹം, അടുത്ത വര്ഷം ഈ സമയമാകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന് ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വേണം വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തേണ്ടത്. ആഗോളതലത്തിൽ മൂന്ന് ബില്യൺ ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഡോ. ടെഡ്രോസ് കൂട്ടിച്ചേർത്തു. ചില രാജ്യങ്ങൾ ജനങ്ങൾക്ക് വാക്‌സിൻ നൽകുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അത് ആഗോളതലത്തിൽ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ മാസം ആകുന്നതോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും വാക്സീൻ നൽകാനുള്ള ആഗോളശ്രമം നടത്തണം. മഹാമാരിയെ പ്രതിരോധിക്കാനും അതുവഴി സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാനുമുള്ള മാർഗ്ഗമാണ് വാക്സീൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.