സമാധാന ദൗത്യവുമായി പാപ്പയുടെ പ്രതിനിധി കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍
വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് ഫ്രാന്‍സിസ് പാപ്പ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍ പര്യടനം നടത്തി. ജൂണ്‍ 5-ന് കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനഃസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും സംഘര്‍ഷം ലഘൂകരിക്കുവാനും സാധ്യമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് യുക്രൈനില്‍ ചര്‍ച്ചകളിലേര്‍പ്പെട്ടു. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബാസ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക്, യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തുടങ്ങിയവരുമായി കര്‍ദ്ദിനാള്‍ സുപ്പി കൂടിക്കാഴ്ച നടത്തി.
തന്റെ ഹംഗറിയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്ക് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ സമാധാന ദൗത്യം ആരംഭിക്കുന്നതിനെ കുറിച്ച് പാപ്പ സൂചന നല്‍കിയിരുന്നു. റഷ്യക്കും യുക്രൈനുമിടയിലെ സമാധാനത്തിന്റെ പാത തുറക്കുവാനുള്ള പേപ്പല്‍ ദൂതനായി വര്‍ത്തിക്കുവാന്‍ കഴിഞ്ഞ മാസമാണ് ഫ്രാന്‍സിസ് പാപ്പ ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ സുപ്പിയോട് ആവശ്യപ്പെടുന്നത്. ബൊളോഗ്ന അതിരൂപതാ മെത്രാപ്പോലീത്തയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി, 1992-ല്‍ മൊസാംബിക്കില്‍ നടന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിച്ച റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ സാന്റ്’എഗിഡിയോ കമ്മ്യൂണിറ്റി അംഗമാണ്.
മൊസാംബിക്കിന് പുറമേ, തെക്കന്‍ സുഡാന്‍, കോംഗോ, ബുറുണ്ടി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഈ സംഘടന സമാധാന പുനഃസ്ഥാപന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 13-ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് ആറുപത്തിയേഴുകാരനായ കര്‍ദ്ദിനാള്‍ സുപ്പിയുടെ നിയമനം. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ യുക്രൈന്റെ സമാധാന ഫോര്‍മുലയെ പരിശുദ്ധ സിംഹാസനം പിന്തുണക്കണമെന്ന് സെലെന്‍സ്കി പാപ്പയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് ജൂണ്‍ 5നു റിപ്പോര്‍ട്ട് ചെയ്തിരിന്നു.