അഫ്ഗാനിലെ കൂട്ടപലായനത്തിനിടെ രക്ഷാപ്രവര്‍ത്തനവുമായി ക്രിസ്ത്യന്‍ ദമ്പതികള്‍

കാബൂള്‍: താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങിയതോടെ വിദേശികളുടേയും സ്വദേശികളുടേയും കൂട്ടപ്പാച്ചിലിനിടയില്‍ രാജ്യം വിടുവാന്‍ കഷ്ടപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സഹായമേകി ‘ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷ’ന്റെ സ്ഥാപകരായ ക്രിസ്ത്യന്‍ ദമ്പതികള്‍. തങ്ങള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും, അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിക്കുവാനാണ് തങ്ങളുടെ ശ്രമമെന്ന് ഇന്നലെ ‘ക്രിസ്റ്റ്യന്‍ ക്രോണിക്കിള്‍’നു നല്‍കിയ അഭിമുഖത്തില്‍ ജാന്‍ – ബ്രാഡ്ലി ദമ്പതികള്‍ പറഞ്ഞു. നിരവധി പേര്‍ സഹായം അഭ്യര്‍ത്ഥിച്ച് തങ്ങളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഈ സംഖ്യ ഇനിയും ഉയരാമെന്നാണ് ജോണ്‍ ബ്രാഡ്ലി പറയുന്നത്. കഴിയുന്നത്രത്തോളം ആളുകളെ സഹായിക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ ടെന്നസ്സിയില്‍ താമസിക്കുന്ന ബ്രാഡ്ലി ദമ്പതികള്‍ അടിയുറച്ച ക്രൈസ്തവ വിശ്വാസികളാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 2009 മുതല്‍ 2013 വരെ ഏഴു പ്രാവശ്യത്തോളം അവര്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്കൂളുകളും, ആശുപത്രികളും നിര്‍മ്മിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക, കുട്ടികള്‍ക്ക് കൃത്രിമകാലുകള്‍ നിര്‍മ്മിച്ച് നല്‍കുക തുടങ്ങിയ നിസ്തുലമായ സേവനമാണ് ഇവര്‍ നടത്തിയത്. താലിബാന് കീഴടങ്ങിയ ജലാലാബാദിലും, കാബൂളിലും, നൂരിസ്ഥാനിലുമായി ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധസേവകരുണ്ട്. ഇവരുടെയെല്ലാം ജീവന്‍ അപകടത്തിലായിരിക്കുകയാണ്. ഇവരടക്കമുള്ള സാധുക്കളെ രക്ഷപ്പെടുത്തുവാനാണ് ഇപ്പോള്‍ ശ്രമം.
41 വര്‍ഷത്തെ സേവനത്തിനു ശേഷം അമേരിക്കന്‍ വ്യോമസേനയിലെ ലെഫ്റ്റ്നന്റ് ജനറല്‍ പദവിയില്‍ നിന്നും വിരമിച്ച ശേഷം തന്റെ പത്നിക്കൊപ്പം 2008-ലാണ് ജോണ്‍ ‘ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷന്‍’ സ്ഥാപിക്കുന്നത്. തണുപ്പിനെ ചെറുക്കുവാനുള്ള ഷൂസ് ആവശ്യപ്പെട്ട ഒന്‍പതുകാരിയായ ലാമിയ എന്ന പെണ്‍കുട്ടിയാണ് ‘ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷ’ന്റെ സ്ഥാപനത്തിന് കാരണമായത്. പുതപ്പുകള്‍, ബൂട്ടുകള്‍, ഷൂസുകള്‍, ആശുപത്രി ഉപകരണങ്ങള്‍, സ്കൂള്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാമായി 3.5 ദശലക്ഷം പൗണ്ടിന്റെ സാധനങ്ങള്‍ ഫൗണ്ടേഷന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ക്ലിനിക്കും ഫുള്‍ സൈസ് അമേരിക്കന്‍ ആംബുലന്‍സും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
സ്കൂളുകള്‍ വഴിയും, ദേവാലയങ്ങള്‍ വഴിയും, മിച്ച സംഭരണ കേന്ദ്രള്‍ വഴിയും ശേഖരിച്ച 40,000 പൗണ്ടിന്റെ തണുപ്പ് കുപ്പായങ്ങളും, പുതപ്പുകളും, പഠനോപകരണങ്ങളും അഫ്ഗാന്‍ സന്ദര്‍ശനത്തിനിടെ ജോണ്‍ വിതരണം ചെയ്തിരുന്നു. ഒരു ജീവനക്കാരന്‍ പോലുമില്ലാതെ സന്നദ്ധപ്രവര്‍ത്തകര്‍ വഴി പ്രവര്‍ത്തിക്കുന്ന ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷന്‍ 7 സ്കൂളുകളാണ് അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ആഴ്ച ഒരെണ്ണം തുറക്കുവാന്‍ ഇരിക്കവേയാണ് താലിബാന്റെ ആക്രമണം. സ്കൂളിന്റെ നിര്‍മ്മാണത്തിലും മറ്റും ഏര്‍പ്പെട്ടിരുന്ന നിരവധിപേരെയാണ് സമീപവര്‍ഷങ്ങളില്‍ താലിബാന്‍ കൊലപ്പെടുത്തിയത്.
