കുടുംബസ്വത്ത് കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് ദാനം നല്കി ബ്രദർ. പി.എം ഫിലിപ്പ്
കുടുംബ സ്വത്ത് ആയി ലഭിച്ച ഭൂമി സ്വന്തമായി കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് വേണ്ടി നൽകി ബ്രദർ. പി. എം ഫിലിപ്പ്. നിലവിൽ ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ പി എം ഫിലിപ്പിന്റെ പത്തനാപുരം ടൗൺ പരിസരത്തുള്ള തൻ്റെ വസ്തുവിൽ നിന്ന് 30 സെൻ്റ് ഭൂമിയാണ് സ്വന്തമായി കിടപ്പാടം ഇല്ലാത്ത ദൈവദാസൻമാർക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. സൗജന്യമായി ഭൂമി നൽകുന്നതിന്റെ ഭാഗമായി ഐപിസി പത്തനാപുരം സെൻ്ററിൽ വാഴത്തോപ്പ് സഭയിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ പോൾസന് 5 സെൻറ് വസ്തുവിന്റെ രേഖ ഇക്കഴിഞ്ഞ ജൂൺ പത്തിന്നൊന്നിന് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് കൈമാറി.
ഇതിനുപുറമേ അഞ്ചു സെൻറ് വസ്തു ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്ററിലെ ശുശ്രൂഷകനായ പാസ്റ്റർ മോഹൻ ചെറിയാന് നൽകി. ശേഷിക്കുന്ന ഇരുപത് സെന്റിൽ ശുശ്രൂഷകർക്കായി അപ്പാർട്ട്മെൻ്റുകൾ പണിത് വീട് ഇല്ലാത്ത ദൈവദാസൻമാർക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. സകലതും നേടിയെടുക്കാൻ നെട്ടോട്ടം ഓടുന്ന ഇന്നിൻ്റെ കാലത്ത് പി. എം ഫിലിപ്പിനെ പോലുള്ളവർ വേറിട്ട ഒരു മാതൃകയാണ്.