ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാനൊരുങ്ങുന്നു; സുപ്രധാന തീരുമാനങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. സെപ്തംബർ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും തമ്മിൽ നടന്ന മാരത്തോൺ ചർച്ചയിൽ ഇതടക്കം സുപ്രധാന തീരുമാനങ്ങൾ ഉരുത്തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കൽ, വ്യാപാര കരാറുകളിൽമേൽ തൊഴിൽ ഉറപ്പാക്കൽ, പൊതുപരിസ്ഥിതി നിയമം, കുടുംബങ്ങളുടെ വിവര ശേഖരണം തുടങ്ങിയ 60 ഓളം പ്രധാന തീരുമാനങ്ങൾ പ്രേത്യകമായി പരിഗണിച്ചാണ് നടപ്പാക്കാനൊരുങ്ങുന്നത്.
ചർച്ചയിൽ പ്രധാനമന്ത്രി നിർദേശിച്ച കാര്യങ്ങളിൽ പഠനം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വകുപ്പുകളുടെ സെക്രട്ടറിമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിനനുസൃതമായിരിക്കും തുടർനടപടികൾ.
സിവിൽ സർവീസ് പരിഷ്കരണം, ബിസിനസ് അന്തരീക്ഷം വികസിപ്പിക്കൽ, വിവരസാങ്കേതിക വിദ്യയെ ഭരണത്തിനായി ഉപയോഗപ്പെടുത്തൽ എന്നിവയും നിർദേശത്തിലുണ്ട്. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ അതിനെ ഉത്തേജിപ്പിക്കുന്ന പദ്ധതികൾക്കാണ് 60 ഇന പരിപാടിയിൽ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.