നമ്മുടെ ആത്മീയ ജീവിതം എങ്ങോട്ട്

മിഥുല രാജു

എണ്ണത്തിൽ വളരെ ചുരുക്കമായിരുന്നിട്ടും കർത്താവിനു വേണ്ടി വളരെയധികം വില കൊടുത്ത ഒരു തലമുറ കാലയവനികയ്ക്കപ്പുറത്തേക്കു മറഞ്ഞുപോയി. കയ്പ്പേറിയ ജീവിതാനുഭവങ്ങളും നിരവധി ഉപദ്രവങ്ങളും യാതനകളും സഹിച്ച ഒരു തലമുറ. പ്രത്യാശയോടെ മരണത്തിലേക്ക് നടന്നു പോയവർ, സകലതും ചപ്പെന്നും ചവറെന്നും എണ്ണി ക്രിസ്തുവിനു വേണ്ടി കഷ്ടതയനുഭവിക്കുന്നത് ഭാഗ്യം എന്നു കരുതിയ കുറച്ചുപേർ …… സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജയില്ല എന്നുപറഞ്ഞു തങ്ങൾ അറിഞ്ഞ രക്ഷകനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അഹോരാത്രം പ്രയത്നിച്ച ഒരു തലമുറ.

എന്നാൽ കാലങ്ങൾ കഴിഞ്ഞു പോയി. നാം ഇന്നു ജീവിക്കുന്ന കൃപായുഗത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ, പുറകോട്ടു ഒന്നു തിരിഞ്ഞു നോക്കുക. പണ്ടു കാലത്തേക്കാൾ എന്തുകൊണ്ടും നിരവധി സൗകര്യങ്ങൾ ലഭ്യമായ ഈ ഇരുപത്തി ഒന്നാം  നൂറ്റാണ്ടിൽ നമ്മുടെ ആത്മീയ ജീവിതം എവിടെ എത്തി നിൽക്കുന്നു. പൂർവികരിൽ ഉണ്ടായിരുന്ന ദൈവീക ഭക്തിയും ആത്മീയ ദർശനങ്ങളും നമുക്കെവിടെയോ നഷ്ടപ്പെട്ടു പോയില്ലേ?….

മെച്ചമായ നിരവധി സൗകര്യങ്ങൾ ലഭിച്ചപ്പോൾ ദൈവവുമായുള്ള ബന്ധത്തിൽ എവിടെയൊക്കെയോ വിള്ളലുകൾ. അനേകർക്കും തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ദൈവത്തിനു യാതൊരു സ്ഥാനവുമില്ലാത്തപ്പോലെ. മാതാപിതാക്കൾ വിശ്വാസത്തിലേക്ക് വന്നതുകൊണ്ട് മാത്രം തങ്ങളും വന്നു എന്നു പറയുന്ന ചിലർ. കുടുംബത്തെയോ സഹവിശ്വാസികളെയോ പാസ്റ്റർമാരെയോ പേടിച്ചു കൂട്ടായ്മകൾക്ക് പോകുന്ന മറ്റു ചിലർ. ഇനിയൊരുപക്ഷേ ദൈവം ശിക്ഷിച്ചാലോ എന്നുകരുതി മാത്രം പോകുന്ന ഇനിയൊരു കൂട്ടർ… ലിസ്റ്റ് അങ്ങനെ നീളുന്നു. എന്നാൽ ദൈവത്തെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു തലമുറയും ഇക്കൂട്ടത്തിൽ ഉണ്ട് എന്നത് പ്രതീക്ഷകൾക്ക് പുത്തൻ നാമ്പുകൾ നൽകുന്നു.

നിരവധി ഭാഷകളിൽ ബൈബിൾ ലഭ്യമാകുന്നുണ്ടായിട്ടും , നിരവധി സമൂഹ മാധ്യമങ്ങളിൽ കൂടെ ദൈവ വചനം സുലഭമായിട്ടും അനേക വേദ പഠനശാലകൾ തുറന്നിട്ടും, അനേക വേദ വിദ്യാർഥികൾ ഓരോ വർഷവും പുറത്തിറങ്ങിയിട്ടും ലക്ഷങ്ങൾ സുവിശേഷ വേലയ്ക്കും കൺവെൻഷനുകൾക്കുമായി ചെലവഴിച്ചിട്ടും നിരവധി മീറ്റിങ്ങുകൾ ക്രമീകരിച്ചിട്ടും അനേകം സഭകൾ പല പേരുകളിൽ ഇറങ്ങിയിട്ടും ജനം വിടുവിക്കപ്പെടുന്നുണ്ടോ എന്നും പുതിയ വേല സ്ഥലങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതാകുന്നു. വിവിധ മാധ്യമങ്ങളിൽ കൂടി ദൈവ വചനം ജനത്തിലേക്കു എത്തുന്നുണ്ടെങ്കിലും ഇവ ശെരിയായ രീതിയിൽ ജനത്തിന് പാപബോധം വരുത്തുവാനും മാനസാന്തരത്തിലേക്കു നയിക്കാനും കഴിയുന്നവയാന്നോ എന്നു നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവ കാഴ്ചക്കാരിൽ അല്ലെങ്കിൽ കേൾവിക്കാരിൽ ആത്മീയ വര്ധനവുണ്ടാക്കുന്നവയോ അതോ മറ്റെന്തെങ്കിലും കുത്തി നിറയ്ക്കപ്പെടുന്നോ?

ദൈവ ജനത്തിന്റെ സമൂഹ മാധ്യമങ്ങളിലെ പ്രസംഗങ്ങൾ പരസ്പരം ചെളിവാരിതേയ്ക്കാനും അപകീർത്തിപ്പെടുത്താനും മാത്രമോ? എന്തുകൊണ്ട് നമുക്ക് സ്വന്തം സഹോദരനെ സ്നേഹിക്കാനും സഹോദരനോട് പൊറുക്കാനും നമുക്ക് കഴിയുന്നില്ല?. സഹോദരന്റെ പോരായ്മകൾ രഹസ്യത്തിൽ പരിഹരിക്കുന്നതിന് പകരം പരസ്യമായി അപമാനിക്കുമ്പോൾ നമ്മളിൽ ഏത് ആത്മാവ് ആണു വ്യാപാരിക്കുന്നത് എന്നുകൂടി ചിന്തിക്കേണ്ടതാകുന്നു.

പല സാമൂഹിക മാധ്യമ പ്രസംഗങ്ങളും ഇന്നു സഹോദരനെ കുത്താനും കുറവുകൾ പരസ്യപ്പെടുത്താനും മാത്രമാണ് ഉപയോഗിക്കുന്നത് എന്നത് ലജ്ജാകരമായ ഒന്നാണ്. സമൂഹത്തിൽ അറിയപ്പെടുന്ന ദൈവദാസന്മാർ, വിശ്വാസികൾ പോലും ഇപ്രകാരം പരസ്പരം ക്ഷമിക്കാനോ നേരിട്ടു കണ്ടു കയ്യ് കൊടുത്തു പിരിയുവാനോ തയാറാകാതെ കുറ്റങ്ങളും കുറവുകളും മാത്രം നിരത്തുന്നു. നമ്മുടെ കടമയെപ്പറ്റി മറന്നു ദുർപ്രചാരണങ്ങൾക്കു വേണ്ടി സമയം കണ്ടെത്തുന്ന ഇവർ യേശുവിന്റെ മാതൃക പിൻപറ്റുന്നു എന്നു പറയുന്നതിൽ അർഥമില്ല, കാരണം നമ്മുടെ കർത്താവു നമ്മോടുള്ള സ്നേഹത്തിൽ അവന്റെ അവസാന തുള്ളി രക്തവും തന്നവനാണ്. മത്തായി 5 ന്റെ 23, 24 വാക്യങ്ങളിൽ പറയുംപോലെ സഹോദരന് നിന്നോട് എന്തെങ്കിലും ഉണ്ടെങ്കിൽ യാഗവസ്തു അവിടെ വച്ചിട്ട് മടങ്ങിപ്പോയി സഹോദരനുമായി നിരപ്പ് പ്രാപിച്ചു മടങ്ങി വന്നു യാഗം കഴിക്കാൻ എത്രപേർ തയ്യാറാകും.പുതിയ നിയമത്തിൽ മൃഗബലി ഇല്ലാത്തതിനാൽ അധര ബലമെന്ന സ്തോത്രയാഗം അർപ്പിക്കും മുൻപ് എത്രപേർ സഹോദരനോട് നേരിട്ട് നിരപ്പ് പ്രാപിക്കാറുണ്ട്. എത്രപേർ പ്രാർഥിക്കും മുൻപ്, ഉപവസിക്കും മുൻപ്, വചനം ധ്യാനിക്കും മുൻപ്, പ്രസംഗിക്കും മുൻപ്, കർത്താവെ എന്നോട് ക്ഷമിക്കണമേ എന്നല്ലാതെ…. സഹോദരനോട് നിരപ്പ് പ്രാപിക്കുന്നില്ല. അങ്ങനെ നാം ഓരോ ദിവസവും എത്രമാത്രം ദൈവ കൽപ്പനയിൽ നിന്നു തെറ്റിപ്പോകുന്നു എന്നോർക്കുക. സഹോദരനോട് ക്ഷമിക്കാത്തവൻ ന്യായവിധിക്കു യോഗ്യൻ എന്നുകൂടി ഇവിടെ ഓർമിപ്പിക്കട്ടെ.

നമ്മുടെ വാക്കുകൾ എല്ലായ്പോഴും ഉപ്പിനാൽ രുചി വരുത്തിയതും മറ്റുള്ളവരെ തണുപ്പിക്കുന്നതും ആയിത്തീരട്ടെ. നിരവധി സഭകൾ ഓരോ ദിവസവും ഉടലെടുത്തിട്ടും എത്രപേർ പുതിയതായി കർത്താവിനെ കണ്ടെത്തുന്നു എന്നു നാം ഓർക്കുക. ഒരു സഭയിൽ നിന്നു അടുത്ത സഭയിലേക്കും അവിടെ നിന്നും അടുത്തത്തിലേക്കും, ഇനി പുതിയൊരു സഭ വരുമ്പോൾ അതിലേക്കും, അങ്ങനെയൊരു അണ്ണാൻ ചാട്ടമായിരിക്കരുത് വിശ്വാസിയുടെ ജീവിതം. ദൈവ ദാസന്മാർ അതിനെ പ്രോത്സാഹിപിയ്ക്കുകയും അരുത്. പലർക്കും ഒരു സഭയിൽ ഉറച്ചു നില്ക്കാൻ കഴിയുന്നില്ല, അടുത്ത സഭയിൽ പോയാൽ വിടുതൽ ഉണ്ടാകും, അവിടെയല്ലെങ്കിൽ മറ്റൊരിടം. ഇതാണ് പല വിശ്വാസികളുടെയും അവസ്ഥ. അവർ ദൈവത്തിൽ ആശ്രയിക്കുന്നില്ല, മനുഷ്യന്റെ കഴിവുകളിൽ മാത്രം ആശ്രയിച്ചുകൊണ്ട് തേജോമയനായ ദൈവത്തിന്റെ നാമം വൃഥാ ആക്കുന്നു. യേശു ഉപമ പറഞ്ഞതുപോലെ ചിലർ അപ്പം തിന്നാൻ, ചിലർ അത്ഭുതം കാണാൻ അങ്ങനെ വിടുതലുകൾ മാത്രം പ്രതീക്ഷിക്കുന്ന ഒരു തലമുറ.

അനേക സഭകളും സാമ്പത്തിക വരുമാനനോദ്ദേശ്യത്തോടെ തങ്ങളുടെ കീശ നിറയ്ക്കാൻ മാത്രം എന്നത് സങ്കടകരമായ ഒന്നാണ്. അല്ലെങ്കിൽ പെട്ടെന്നൊരാവേശത്തിൽ തട്ടിക്കൂട്ടുന്ന ആരാധനാലയങ്ങൾ. കള്ളപ്രവചനങ്ങളിലൂടെ ജനങ്ങളെ വഴി തെറ്റിക്കുന്നവർ…. തൻമൂലം ജനം വചനമറിയാതെ പാടെ തെറ്റിപ്പോകുന്നു. പ്രത്യേകിച്ചും പുതിയതായി വിശ്വാസത്തിൽ വരുന്നവർ. മിക്കപേർക്കും അത്ഭുതം ചെയ്യുന്ന ഒരു യേശുവിനെ മാത്രമാണ് പരിചയം. രക്ഷ, സത്യം, കർത്താവിന്റെ മടങ്ങി വരവ്, നിത്യ ന്യായവിധി ഇവയൊക്കെ പലരും കേട്ടിട്ടുപോലുമില്ല. ദൈവഭക്തിയിൽ ഭൂമിയിൽ ജീവിച്ചു കർത്താവിന്റെ വരവിനു വേണ്ടി ഒരുങ്ങേണ്ടത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വം ആണെന്ന് ഓർമിപ്പിച്ചു കൊള്ളട്ടെ. ഇല്ലാഞ്ഞാൽ നമ്മുടെ കർത്താധി കർത്താവ്‌ വേഗം വരികയും വിശ്വസ്തരായി കണ്ടില്ലെങ്കിൽ നാം നിത്യ നരകത്തിന്റെ ഓഹരിക്കാർ ആയിത്തീരുകയും ചെയ്യും.

എവിടെ നോക്കിയാലും ആരാധന, ഉപദേശങ്ങൾ, പുതിയ കൂട്ടായ്മകൾ. എന്നാൽ വാസ്തവത്തിൽ എത്രപേർ മാനസാന്തരപ്പെടുന്നുണ്ട്. എത്ര പേർ തങ്ങളുടെ പാപ സ്വഭാവങ്ങളെ എന്നെന്നേക്കുമായി വിട്ടു ഉപേക്ഷിക്കുന്നു, എത്ര പേരുടെ പേർ ജീവ പുസ്തകത്തിൽ ചേർക്കപ്പെടുന്നു, എത്രപേർ വിശുദ്ധിയിൽ ജീവിക്കുന്നു….. എന്തുകൊണ്ട് സൗഖ്യമായി എന്നു പറയുന്ന രോഗങ്ങൾ മടങ്ങി വരുന്നു, എന്തുകൊണ്ട് പ്രവചനങ്ങൾ നിവർത്തിയാകുന്നില്ല. എന്തുകൊണ്ട് മധുരവും കയ്പ്പും ഒരേ ഉറവയിൽ നിന്നു വരുന്നു….. നാം നമ്മളെത്തന്നെ ശോധന ചെയ്യുന്നവരാകട്ടെ ഓരോ ദിവസവും.

വിശ്വാസികൾ എന്നു പറയുന്ന നമ്മുടെ ആത്മീയ ജീവിതം എങ്ങോട്ട്. പ്രത്യേകിച്ച് നമ്മുടെ തലമുറകൾ ദൈവ ഭയത്തിലും ഭക്തിയിലും ജീവിക്കുന്നവർ ആണൊ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പാപത്തിൽ ജീവിക്കുന്ന ഒരു തലമുറ, മാതാ പിതാക്കളെ അനുസരിക്കാത്ത ബഹുമാനിക്കാത്ത ഒരു തലമുറ. ദൈവ കല്പനകൾക്കു യാതൊരു വിലയും കൂടാതെ ജീവിക്കുന്നവർ, ഇണയില്ലാപ്പിണ കൂടുന്നവർ, എന്തിനേറെ മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നവർ പോലും. ഇതിന്റെയെല്ലാം അടിസ്ഥാനം വിശ്വാസികളുടെ കുടുംബം എന്നു പറഞ്ഞിട്ടും ദൈവം വസിക്കാത്ത ഭവനങ്ങൾ ആണു. പ്രാർഥിക്കാനോ ഉപവസിക്കാനോ വചനം വായിക്കാനോ സമയമില്ലാത്ത മാതാ പിതാക്കൾ.കുടുംബത്തിലെ വിള്ളലുകൾ, ചേർച്ചയില്ലായ്മകൾ, ദൈവത്തെക്കാൾ മുൻസ്ഥാനം പറ്റു പലതിനും കൊടുക്കുന്നവർ. മക്കൾക്ക്‌ വേണ്ടി സമയം ചിലവഴിക്കാൻ സമയമില്ലാത്തവർ, ചെറുപ്പത്തിൽ തന്നെ ഏറ്റവും മുന്തിയ ഫോണുകൾ വാങ്ങിക്കൊടുക്കുന്നവർ… അപ്പോൾ മക്കളെ വിവിധ അഡിക്ഷനുകളിലേക്കും ലോകത്തിന്റെ ഇമ്പങ്ങളിലേക്കും തള്ളിവിടുന്നതിൽ കുടുംബങ്ങൾക്കും പങ്കുണ്ട്. ലോക സ്നേഹത്തിലേക്കും ജഡമോഹം, കാണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇവയിലേക്കു പോകാതെ ക്രിസ്തു എന്ന അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുന്നതാകട്ടെ നമ്മുടെ ഓരോ കുടുംബങ്ങളും.

വല്ലാത്തൊരു പാപം നിറഞ്ഞ ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത് ഭക്തരെ പോലും തെറ്റിക്കാൻ പിശാച് ശ്രമിക്കുമ്പോൾ ഈ ദുഷ്ടലോകത്തിൽ ദൈവത്തിന്റെ കൃപ ഒന്നുമാത്രമാണ് നമുക്ക് ജീവിക്കാൻ ആശ്രയം. ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യരെ യാതൊരു കരുണയുമില്ലാതെ ദിനംപ്രതി കൊന്നൊടുക്കുമ്പോൾ, നമ്മുടെ പെണ്കുഞ്ഞുങ്ങൾക്കോ എന്തിനേറെ വൃദ്ധ മാതാക്കൾക്കോ പോലും പീഡനം കാരണം സമാധാനമായി ജീവിക്കാനാകാതിരിക്കുമ്പോൾ താൽക്കാലിക സുഖഭോഗങ്ങൾക്കു വേണ്ടി ഭാര്യയെയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഒക്കെ ഉപേക്ഷിച്ചു അവിഹിതങ്ങളുടെ പുറകെ ജനം പോകുമ്പോൾ ഓർക്കുക 1 പത്രോസ് 5 ന്റെ 8 ഇൽ പറയും പോലെ, “ഉണർന്നിരിപ്പിൻ, നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു”. ആകയാൽ ദൈവ ജനം പ്രാർഥനയിൽ ഉറ്റിരിപ്പിൻ, നമ്മുടെ കർത്താവു വേഗം വരുന്നു. 2 തെസ്സലോനിക്യർ 2 ന്റെ ഏഴാം വാക്യത്തിൽ “അധർമത്തിന്റെ മർമം ഇപ്പോഴേ വ്യാപാരിക്കുന്നുണ്ട്. ഇതുവരെ തടുക്കുന്നവൻ വഴിയിൽ നിന്നു നീങ്ങിപ്പോകുക മാത്രം വേണം “. വഴിയിൽ ശത്രുവിനെ തടുക്കുന്ന പരിശുദ്ധാത്മാവ് നമുക്കായി ഉള്ളതിനാൽ മാത്രമാണ് ഈ പാപ ലോകത്തിൽ നാം ജീവനോടെ നില നിൽക്കുന്നത്. ആകയാൽ ഓരോ നിമിഷവും ദൈവ കരുതലിനായി പ്രാർത്ഥിച്ചും അവന്റെ വരവിനായി ഒരുങ്ങിക്കൊണ്ടും ഇരിപ്പിൻ.

സൗകര്യങ്ങൾ പലതും വർധിച്ചപ്പോൾ ദൈവ മക്കൾ പലരും പിന്മാറ്റത്തിലേക്കു മടങ്ങി….. ഒരിക്കൽ ദൈവത്തിനു വേണ്ടി ശക്തിയോടെ നിന്ന പലരെയും ഇന്നു കാണ്മാനില്ല. ദേശം വിടുവിക്കപ്പെടാൻ കണ്ണുനീരോടെ പ്രാർഥിച്ച അനേകരും ഇന്നു ടീവീ സീരിയലുകൾക്ക് മുന്നിൽ മാത്രമാക്കി തങ്ങളുടെ കരച്ചിൽ. രാത്രിയുടെ യാമരംഭങ്ങളിൽ മുഴങ്കാലിൽ നിന്നു പ്രാർഥിച്ചതൊക്കെ വെറും ഓർമകൾ മാത്രമായി മാറി. എഴുന്നേറ്റു പ്രകാശിക്കാനാകാതെ അനേകരുടെ ദീപം ഇന്നു കരിന്തിരി കത്തിക്കൊണ്ടിരിക്കുകയാണ്. പലരും ഭൗതിക നന്മകളിലേക്കു മാത്രം തിരിഞ്ഞു, മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കാൻ ദൈവമക്കളായ നാമും മറന്നു പോയി.

ഇന്ത്യയിൽ ഉണർവ് നടക്കുമെന്ന് പറഞ്ഞവരെയും അതിനായി പ്രാർഥിച്ചവരെ ഒന്നും ഇന്നു കാണാനേയില്ല. വെയിൽസിലെയും അസൂസ സ്ട്രീറ്റ് ലേയുമൊക്കെ ഉണർവിനെപ്പറ്റി പറഞ്ഞു ഭാരത മണ്ണിലെ ഉണർവിനായി ജനത്തെ ഉത്സാഹിപ്പിച്ച ദൈവദാസന്മാർ വരെ ചുരുക്കമായി, അനേകരുടെയും ആത്മീയ ജീവിതം വല്ലാതെ തണുത്തു പോയിരിക്കുന്നു. ദേശത്തിനു വേണ്ടി പ്രാർഥിച്ചവർ ഇന്നെവിടെ? ഭാരതത്തിന്റെ ഉണർവിനു വേണ്ടി എന്നെ ഉപയോഗിക്കണമേ എന്നു പ്രാർഥിച്ചവർ എവിടെ? നമ്മുടെ കാത്തിരിപ്പു യോഗങ്ങൾക്കു എന്തു സംഭവിച്ചു? ഭൂപടത്തിൽ കയ്യ് വച്ചു പ്രാർഥിച്ചവരും അതിർ വരച്ചു പ്രാർഥിച്ചവരുമൊക്കെ എവിടെ പോയി. ചില പ്രത്യേക സ്ഥലങ്ങൾക്ക് ചുറ്റും നടന്നും അവകാശം പറഞ്ഞും അന്യരാധന ശക്തികളെ ശാസിച്ചും പ്രാർഥിച്ചവരെയൊക്കെ കാണാൻ പോലുമില്ലാതായിരിക്കുന്നു. സമൃദ്ധി കൂടിയപ്പോൾ മനുഷ്യന് സമയമില്ല, നാണക്കേട് തോന്നിത്തുടങ്ങി, ശരീരത്തിന് വയ്യായ്മ. അങ്ങനെ കാരണങ്ങൾ പലതായി. ഇപ്പോൾ വിശ്വസിക്കുന്നു ന്യായീകരിക്കാൻ പുതിയൊരു കാരണം, കോറോണയും. എന്നാൽ കൊറോണ വരും മുൻപും നമ്മൾ ഇവിടെ ജീവിച്ചിരുന്നു എന്നോർക്കുക.

ഓരോ ക്രിസ്ത്യാനിയെയും കർത്താവു രാജ്യത്തിൽ ആക്കി വച്ചിരിക്കുന്നത് അവന്റെ രാജ്യത്തിന്റെ സ്ഥാനപതികൾ ആയിട്ടാണ്. നാം ഭാരതത്തിൽ വസിക്കുമ്പോൾ ഇവിടെ യേശുവിന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥാനപഥികൾ ആണു നാം ഓരോരുത്തരും എന്നു മറന്നു പോകരുത്. അവൻ നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയോടെ ചെയ്തുതീർക്കാൻ കർത്താവു ആഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ നല്ലവനും വിശ്വസ്തനുമായ ദാസനെ എന്ന വിളിക്കു നാം യോഗ്യരായി മാറുകയുള്ളൂ. രാജ്യത്തിനു വേണ്ടിയും രാജ്യം സുവിശേഷീകരിക്കുന്നതിനു വേണ്ടിയും മുട്ടിപ്പായി നാം പ്രാർഥിക്കണം. നശിച്ചു പൊക്കോണ്ടിരിക്കുന്നത്, നിത്യ നരകത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത് നമ്മുടെ സമശിഷ്ടങ്ങൾ ആണെന്നുള്ള ബോധ്യം ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കേണം. അല്ലെങ്കിൽ അവരുടെ ആത്മാവിനു വേണ്ടി ദൈവം നമ്മോട് പകരം ചോദിക്കും. അതിനു വേണ്ടി നാം മടുത്തു പോകാതെ പ്രാർഥിക്കുക, സമയമാകുമ്പോൾ ദൈവം നമ്മെ ഉപയോഗിക്കും. ഗിദയോടെപ്പോലെ സാഹചര്യം എത്ര പ്രതികൂലം ആയിരുന്നാലും ശത്രുവിന് ഏൽപ്പിച്ചു കൊടുക്കാതെ പൊരുതാൻ മനസ്സുണ്ടെങ്കിൽ ദൈവം നമുക്കായി പ്രവർത്തിക്കും. ക്രിസ്തുയേശുവിനു വേണ്ടി അധികമായി നാം പ്രയോജനപ്പെടുക. 1 പത്രോസ് 4 ന്റെ 14 ഇൽ ഇപ്രകാരം പറയുന്നു. “ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടി വന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ”. 16ആം വാക്യത്തിൽ “ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാലോ ലജ്ജിക്കരുത്”.ആകയാൽ ഉറപ്പുള്ള സാക്ഷികളായി കർത്താവിനു വേണ്ടി അനേകരെ നേടുവാൻ നമുക്ക് സാധിക്കട്ടെ. “കൊയ്ത്തു വളരെയുണ്ട് സത്യം. വേലക്കാരോ ചുരുക്കം”.മത്തായി 9:17. സുവിശേഷത്തിന്റെ വയൽ വിളഞ്ഞു കിടക്കുകയാണ് പ്രീയരെ. എന്നാൽ നാമോരോരുത്തരും മടി പിടിച്ചു ഇരിക്കുന്ന കാലത്തോളം വിളവെടുക്കാൻ കഴിയാതെ വരികയും വിത്തെല്ലാം നശിച്ചു പോവുകയും ചെയ്യും. ദൈവരാജ്യത്തിന്റെ കേട്ടുപണിക്കായി അനേകർ സുവിശേഷ വയലിലേക്ക് ഇറങ്ങട്ടെ. അനേകർ പുതിയ വേല സ്ഥലങ്ങൾ കണ്ടെത്തട്ടെ, സുവിശേഷം എത്താത്ത അനേകം ഇടങ്ങൾ നമ്മുടെ രാജ്യത്തിൽ ഉണ്ട്. അവിടൊക്കെ കടന്നു പോകേണ്ടതും വേലയ്ക്കു കൈത്താങ്ങൽ കൊടുക്കേണ്ടതും പ്രാർഥിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. നമുക്ക് മുൻപിലുള്ള സാഹചര്യങ്ങൾ ഒക്കെ വളരെ പ്രതികൂലമായിക്കൊണ്ടിരിക്കുന്നു. കൃപയുടെ വാതിലുകൾ അടയുവാൻ സമയമാകുന്നു. പ്രകൃതിയിലെ സംഭവങ്ങൾ അതിനെ വിളിച്ചറിയിക്കുന്നു. അതുകൊണ്ട് അവന്റെ കല്പനകളിലേക്കു മടങ്ങി വരുവിൻ, നമ്മുടെ ലക്ഷ്യത്തിൽ നിന്നു പിന്മാറിപ്പോകരുത്.

ആകയാൽ മടുത്തുപോകാതെ ഇടവിടാതെ ഇപ്പോഴും പ്രാർഥിക്കുവിൻ, വചനം വായിച്ചു ധ്യാനിക്കുവിൻ. നിങ്ങളുടെ സമയം തക്കത്തിന് ഉപയോഗിച്ചുകൊള്ളുവിൻ. പിന്നേയും ദേശത്തിനു വേണ്ടി ഇടുവിൽ നില്പിൻ,ഭരണാധികാരികൾക്ക് വേണ്ടിയും ലോക സമാധാനത്തിനു വേണ്ടിയും പ്രാർത്ഥിപ്പിൻ, ജനം ദുർമാർഗങ്ങളെ വിട്ടു തിരിയുവിൻ, അനുതാപത്തോടെ കണ്ണീരോടെ ദൈവ സന്നിധിയിലേക്ക് മടങ്ങി വരുവിൻ. ബലഹീനരെ ശക്തിപ്പെടുത്തുവിൻ….. ഏതു സമയത്തും ഉണർന്നിരിപ്പിൻ. നമ്മുടെ കർത്താവായ യേശു വേഗം വരുന്നു. ആമേൻ

Note : ഇതിനെ വിമർശനങ്ങൾ മാത്രം ആയി ആരും കാണാതിരിക്കുക. സത്യസന്ധതയോടെ ജീവിക്കുന്ന അനേകം ദൈവ മക്കളുടെ കണ്ണ് നീരും പ്രാർഥനയുമാണ് നിശ്ചയമായും ഇപ്പോഴും നമ്മെ നില നിർത്തുന്നത്. ഓരോ ദിവസവും പുതുക്കവും കഴുകലും പ്രാപിച്ചെങ്കിൽ മാത്രമേ നിത്യജീവന്റെ ഓഹരിക്കാർ ആകാൻ നമുക്ക് സാധിക്കു എന്നും നമ്മുടെ പഴയ ആത്മീയ ശുഷ്കാന്തിയിലേക്കു മടങ്ങി വരുവാൻ ഓര്മിപ്പിക്കുവാനും വേണ്ടി മാത്രമാണീ പോസ്റ്റ്‌.

 

മിഥുല രാജു

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.