എ.ജി. ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നും യുവജനങ്ങളും സഭാംഗങ്ങളും ദൈവദാസൻമാരും പങ്കെടുക്കും.
ആഗസ്റ്റ് ഇരുപതിനാണ് പുതിയ സി.എ.കമ്മിറ്റി നിലവിൽ വന്നത്. ചുമതലയേറ്റെടുത്ത് പതിനേഴാമത്തെ ദിവസം ക്യാമ്പ് ആരംഭിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കമ്മിറ്റി നടത്തി വരുന്നത്. “യഥാർത്ഥ ക്രിസ്ത്രീയ വ്യക്തിത്വം” (True Christian Identity) എന്നതാണ് ക്യാമ്പ് തീം.
സെപ്തംബർ ഏഴിനു രാവിലെ 8.30 നു രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ഡിസ്ട്രിക് സി. എ. പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ എ.ജി. മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ.സജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പാസ്റ്റർ ഷിൻസ് പി.റ്റി. സ്വാഗതവും ട്രഷറാർ പാസ്റ്റർ രാജേഷ് ജെ.എം കൃതജ്ഞതയും പറയും.
സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ, അസി. സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, റവ. റോബി ജെ. മാത്യു, ഡോ. എഞ്ചൽ എൽസ വർഗീസ് എന്നിവർ പ്രധാന പ്രഭാഷകരാണ്.
പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, പി.കെ.ജോസ്, പി.ബേബി, രാജൻ എബ്രഹാം, കെ.നന്നു,നിറ്റ്സൺ കെ.വർഗീസ്,ഡോ.സന്തോഷ് ജോൺ തുടങ്ങിയവർ തീം കേന്ദ്രീകൃത ക്ലാസുകൾ നയിക്കും. അജി ജോർജ് വാളകം, ഡോ.സോജൻ വർഗീസ് എന്നിവർ കരിയർ കൗൺസലിംഗ്, ജനറൽ കൗൺസലിംഗ് സെഷനുകൾക്കു നേതൃത്വം നല്കും. ഷാജൻ ജോൺ ഇടയ്ക്കാട് ഡിബേറ്റ് നയിക്കും.
ബ്ലസൻ മേമന, ഇമ്മാനുവേൽ കെ.ബി., ബിനീഷാ ബാബ്ജി, പാസ്റ്റർമാരായ ശ്യം കൃഷ്ണ, സാബു ചാരുംമൂട്, സാം റോബിൻസൺ തുടങ്ങിയവർ ആരാധനയ്ക്കു നേതൃത്വം നല്കും. മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് പി.കെ.യേശുദാസ്, ബാബു വർഗീസ് എന്നിവരും പ്രസംഗിക്കും.
സി. എ. വൈസ് പ്രസിഡൻ്റ് അജീഷ് കൃസ്റ്റഫർ, ജോയിൻ്റ് സെക്രട്ടറി ബിനീഷ് ബി.പി, ഇവാഞ്ചലിസം കൺവീനർ സിജു മാത്യു , ചാരിറ്റി കൺവീനർ ജോയൽ മാത്യു തുടങ്ങിയവരും സെക്ഷൻ ഭാരവാഹികളും വിവിധ സെഷനുകൾക്കു നേതൃത്വം നല്കും.