കേരള നിയമസഭ ലൈബ്രറിക്ക് ഇന്ന് 100 വയസ്സ്
തിരുവനന്തപുരം: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കേരള നിയമസഭ ലൈബ്രറിക്ക് ഇന്ന് 100 വയസ് തികയുകയാണ്. ശ്രീമൂലം പ്രജാസഭ മുതൽ തുടങ്ങുന്ന നമ്മുടെ നാടിന്റെ ജനാധിപത്യ ചരിത്രത്തിലെ പല സുപ്രധാന രേഖകളും ഈ ഗ്രന്ഥാലയത്തിൽ സൂക്ഷിക്കപ്പെടുന്നു. ദിവാൻസ് സ്റ്റേറ്റ് ലൈബ്രറി ആണ് 1921 ൽ ട്രാവൻകൂർ ലെജിസ്ലേറ്റീവ് ലൈബ്രറി ആയി മാറിയത്. 1949 ൽ ട്രാവൻകൂർ കൊച്ചിൻ ലെജിസ്ലേറ്റീവ് ലൈബ്രറി എന്ന് പേര് മാറ്റിയ ലൈബ്രറി 1956 ൽ കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ലെജിസ്ലേച്ചർ ലൈബ്രറിയായി മാറി.
ചരിത്രം സ്പന്ദിക്കുന്ന കേരള നിയമസഭാ ലൈബ്രറി രാജ്യത്തെ തന്നെ ഏറ്റവും പഴയതും ബൃഹത്തുമായ ഗ്രന്ഥാലയമാണ്.
അപൂർവവും ചരിത്രപ്രാധാന്യമേറിയതുമായ പുസ്തകങ്ങൾ, ഗസറ്റുകൾ, മാഗസിനുകൾ, പത്രങ്ങൾ, പ്രസംഗങ്ങൾ ഒക്കെ സൂക്ഷിക്കപ്പെടുന്ന ലൈബ്രറിയിൽ ഒരു ലക്ഷത്തി പതിമൂവായിരത്തിലധികം പുസ്തകങ്ങളാണ് ഇപ്പോഴുള്ളത്.
സുവർണ ജൂബിലി പിന്നിടുന്ന കേരള നിയമസഭ ലൈബ്രറി പ്രവർത്തനങ്ങൾക്ക് ആശംസകൾ.