മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു. (സംഖ്യാ. 12:3)
അനുസ്മരണം: പാസ്റ്റർ റോയ്സൺ ജോണി (മിഷൻസ് - സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്).
അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ തിരിച്ചറിവിൻ്റെ കാലം മുതൽ പ്രിയ ഫിലിപ്പ് സാറിനെ എനിക്കറിയാമായിരുന്നു.
1990-കളിൽ കുളത്തൂപ്പുഴ ഭാഗങ്ങളിലുണ്ടായിരുന്ന വേൾഡ് വിഷൻ പ്രവർത്തനങ്ങളോടനുബന്ധിച്ചു സാർ പലവുരു ഞങ്ങളുടെ പ്രദേശങ്ങളിൽ വന്നിട്ടുള്ളത് ഇന്നും മനോമുകുരത്തിൽ തെളിവുള്ള ഓർമ്മയാണ്.
1996 ഡിസംബർ 28 ശനിയാഴ്ച്ച നടന്ന അഞ്ചൽ സെക്ഷൻ കൺവൻഷനിലെ അവസാന രാത്രിയിൽ വചനം ശുശ്രൂഷിച്ചത് പ്രിയ ഫിലിപ്പ് സാറായിരുന്നു. ഞാൻ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചത് ആ ദിവസത്തെ സാറിൻ്റെ ശുശ്രൂഷയിലായിരുന്നു.
2000-2005 കാലയളവിൽ ബെഥേലിൽ വിദ്യാർത്ഥിയായിരുന്നപ്പോളാണ് സാറുമായി കുറച്ചുകൂടി അടുപ്പവും ബന്ധവും ഉണ്ടായത്.
പലരും പല തെറ്റിദ്ധാരണകളും പറഞ്ഞു പഠിപ്പിച്ചതിനാൽ സാറിനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2013 മുതൽ സാറുമായി കൂടുതൽ സൗഹൃദവും അടുപ്പവും ഉണ്ടായപ്പോഴാണ് മുൻ ധാരണകൾ പലതും തെറ്റിധാരണകളായിരുന്നെന്നു ബോധ്യമായത്.
ഞാനറിഞ്ഞ ഫിലിപ്പ് സാർ ആരെക്കുറിച്ചും ഒരിക്കലും കുറ്റം പറയാത്ത മാതൃകാ പുരുഷനായിരുന്നു!
ഞാനറിഞ്ഞ ഫിലിപ്പ് സാർ ക്ഷമാശീലനും ശാന്തനുമായിരുന്നു!
ഞാനറിഞ്ഞ ഫിലിപ്പ് സാർ ആരോടും വൈരാഗ്യമോ പകയോ ഇല്ലാത്തയാളായിരുന്നു!
ഞാനറിഞ്ഞ ഫിലിപ്പ് സാർ സൌമ്യനായിരുന്നു.
പലപ്പോഴും എന്നെ ശാസിച്ചിട്ടുണ്ട്, നിയന്ത്രിച്ചിട്ടുണ്ട്, ഉപദേശിച്ചിട്ടുണ്ട്. ഞാനെന്ന വ്യക്തിയെ കൂടുതൽ പക്വമതിയാക്കി തീർത്തതിൻ്റെ പിന്നിൽ സാറിൻ്റെ പങ്ക് അദ്വീതിയമാണ്.
2014-ൽ എൻ്റെ ഇരട്ട കുട്ടികളുടെ സമർപ്പണശുശ്രൂഷ നടത്തിയത് സാറായിരുന്നു. 2018-ൽ യുവജനപ്രസ്ഥാനത്തിൻ്റെ ചുമതലയൊഴിയുമ്പോൾ പ്രസിദ്ധീകരിച്ച “നദി” എന്ന സുവനീറിൽ ഫിലിപ്പ് സാറിൻ്റെ ശുശ്രൂഷ ജീവിതത്തിലെ 50 വർഷങ്ങൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ചു ഒരു പ്രത്യേക ഫീച്ചർ പ്രസിദ്ധീകരിച്ചതും ഇത്തരുണത്തിൽ ഓർക്കുന്നു.
പലരും സാറിനെ തിരഞ്ഞുപിടിച്ചു കല്ലെറിയുമ്പോഴും ആ വേദനയെല്ലാം ഇടനെഞ്ചിലൊതുക്കി പല രാത്രികളിലും കണ്ണീരുകൊണ്ട് രക്ഷകൻ്റെ പാദം നനച്ചു താൻ ബലമേറ്റെടുത്തു. സ്വതസിദ്ധമായ പുഞ്ചിരിയോടെ പ്രതിസന്ധികളെ സധൈര്യം നേരിട്ടു.
അസംബ്ലീസ് ഓഫ് ഗോഡുകാരായ ഏവരും ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പറന്തൽ ഗ്രൗണ്ട് എന്ന സ്വപ്ന പദ്ധതിയുടെ പൂർത്തീകരണത്തിനു ശേഷമാണ് സാർ രംഗമൊഴിഞ്ഞത്.
മോശെ എന്ന ദൈവപുരുഷനെപ്പോലെ പ്രിയ ഫിലിപ്പ് സാർ പൂർണ്ണവിനയത്തോടും, സൌമ്യതയോടും, ദീർഘക്ഷമയോടുംകൂടെ, ദൈവസ്നേഹത്തിൽ എല്ലാം പൊറുത്തു തൻ്റെ ഓട്ടം പൂർത്തിയാക്കി (എഫെ. 4:2).
ഡിസംബർ 11 ശനിയാഴ്ച്ചത്തെ സൂം മീറ്റിംഗിൽ കെ.ജെ. മാത്യു സാറാണ് പ്രസംഗിക്കുന്നതെന്നു പറയുവാൻ സാറെന്നെ വെളളിയാഴ്ച്ച പകൽ വിളിച്ചിരുന്നു. ഒടുവിലായി സാറിനെ കണ്ടതും സംസാരിച്ചതും അന്നു രാത്രിയിൽ കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു.
സമയം കഴിഞ്ഞു, മണി മുഴങ്ങി, സാർ പോയി. 74 സംവത്സരത്തെ ജീവിതയാത്രക്കിടയിൽ തൻ്റെ സൌമ്യത സകല മനുഷ്യരും അറിഞ്ഞു.(ഫിലി. 4:5).
മാറാനാഥ!
കർത്താവു വരുവാൻ അടുത്തിരിക്കുന്നു. അന്നു പ്രിയ സാറിനെ വീണ്ടും കാണാമെന്ന പ്രത്യാശയോടെ സൗമ്യതയുടെ ആൾരൂപമായ ഭക്തനായ ദൈവപുരുഷാ, അങ്ങേക്ക് യാത്രാമൊഴി!!!