ക്രിസ്തീയ സഭാവിഭാഗങ്ങള്‍ ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
ചങ്ങനാശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ മാര്‍ ജോസഫ് പവ്വത്തില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടന്ന യോഗത്തില്‍ സീറോ മലബാര്‍, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മ, സിഎസ്‌ഐ, അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, തൊഴിയൂര്‍ എന്നീ ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധികളായ മെത്രാന്‍മാര്‍ പങ്കെടുത്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് മൂന്നാമനേയും മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയേയും അഭിനന്ദിച്ച് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവാ സംസാരിച്ചു. പേട്രിയാര്‍ക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ഔഗിന്‍ കുര്യാക്കാസ് നന്ദി പറഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു യോഗം അഭിനന്ദനം അര്‍പ്പിച്ചു.