‘വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടി മാത്രമല്ല’; നിയമഭേദഗതി നടപ്പാക്കരുതെന്ന് ക്രിസ്ത്യൻ ചർച്ച് കൗൺസിൽ

കോട്ടയം: നിയമ പരിഷ്കരണ കമ്മീഷൻ (Law Reform Commission) ശുപാർശ ചെയ്ത ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ (Christian Marriage Registration) നിയമഭേദഗതി (Amendment of the law) നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകൾ (Christian Church council) സർക്കാരിനോട് ആവശ്യപ്പെടും. ചങ്ങനാശ്ശേരിയിൽ ചേർന്ന ഇന്‍റർ ചർച്ച് കൗൺസിൽ (Inter Church Council) യോഗമാണ് സർക്കാറിനെ സമീപിക്കാൻ തീരുമാനിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ആണ് ബില്ലെന്ന് യോഗം വിലയിരുത്തി.

ജസ്റ്റിസ് കെ ടി തോമസ് (Justice KT Thomas) അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ആണ് ക്രൈസ്തവ വിഭാഗങ്ങളിലെ  വിവാഹ രജിസ്ട്രേഷനായി (Marriage Registration) പുതിയ നിയമം ശുപാർശ ചെയ്യുന്നത്. ഇതു സംബന്ധിച്ച കരട് സർക്കാരിന് സമർപ്പിച്ചതിനു പിന്നാലെയാണ് കടുത്ത വിയോജിപ്പുമായി ഇന്‍റർ ചർച്ച് കൗൺസിൽ രംഗത്തെത്തുന്നത്. 2008 ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമാണെന്ന് സഭകൾ ചൂണ്ടിക്കാട്ടുന്നു. ഇത് നിലനിൽക്കേ പുതിയ നിയമം കൊണ്ടുവരുന്നത് സംശയ ജനകം ആണെന്നാണ്  ഇന്‍റർ ചർച്ച് കൗൺസിൽ പറയുന്നത്.

സഭകളുടെ വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതാണ് ശുപാർശയെന്ന് ചങ്ങനാശ്ശേരി അതിരൂപത (Archdiocese of Changanassery) സഹായ മെത്രാൻ തോമസ് തറയിൽ പറഞ്ഞു. വിവാഹം വെറും സിവിൽ നടപടി മാത്രമായി കാണുന്നുവെന്നും വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടി മാത്രമല്ലെന്നും അദ്ദേഹം വിവരിച്ചു. വിവാഹം ദൈവികമായ ചടങ്ങ് കൂടിയാണ്. നിലവിൽ ഇക്കാര്യത്തിൽ പ്രതിസന്ധി ഇല്ലെന്നിരിക്കെയാണ് പുതിയ നിയമത്തിനുള്ള ശുപാർശെന്നും ഇത് വിശ്വാസം നിഷേധിക്കാനുള്ള ശ്രമം ആണോ എന്ന് സംശയിക്കുന്നതായും തോമസ് തറയിൽ അഭിപ്രായപ്പെട്ടു.

 

Leave A Reply

Your email address will not be published.