ചികിത്സയുടെ ഭാഗമായി ബൈഡന് അധികാരം കൈമാറും; അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് കമല ഹാരിസ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ താൽക്കാലികമായി പ്രസിഡൻറ് സ്ഥാനം വൈസ് പ്രസിഡൻറ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡൻ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ അൽപനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ കുടൽ സംബന്ധമായ പരിശോധനയായ കൊളെനോസ്കോപി നടത്താൻ വേണ്ടിയാണ് അനസ്തേഷ്യക്ക് വിധേയനാകുന്നത്. വാഷിങ്ടൺ നഗരത്തിന് പുറത്തുള്ള വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ വെച്ചാണ് ബൈഡൻ പരിശോധനയ്ക്ക് വിധേയനാകുക.
പ്രസിഡന്റിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിൽ അഡ്മിറ്റാവുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ബൈഡൻ അന്സ്തേഷ്യയിലുള്ള സമയത്താകും കമല ഹാരിസ് അമേരിക്കയുടെ പരമാധികാര സ്ഥാനത്തിരിക്കുക. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ള അധികാരങ്ങൾ കമലയ്ക്കായിരിക്കും.
57 കാരിയായ കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡൻറ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും കമല തന്നെ. നേരത്തെ മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലയളവിലും അമേരിക്കയിൽ സമാനമായ അധികാര കൈമാറ്റം ഉണ്ടായിരുന്നു. 77 കാരനായ ബൈഡന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തിരഞ്ഞെടുപ്പ് സമയത്തും തുടർന്നും അമേരിക്കയിൽ പ്രചരിച്ചിരുന്നു.