നരേന്ദ്ര മോദി – ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച

റോം/ കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാൻസിസ് പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടന്നേക്കും. കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റും സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഉദ്ധരിച്ച് കെ‌സി‌ബി‌സി‌ പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രപ്രധാനമായ കൂടിക്കാഴ്ച ഭാരതവും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജവും ഊഷ്മളതയും പകരുമെന്നതിൽ സംശയമില്ലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികൾക്കും കേരള കത്തോലിക്കാ മെത്രാൻ സമിതി വിജയാശംസകൾ നേരുന്നുവെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോള്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലായിരിന്നു. കൂടിക്കാഴ്ച ശനിയാഴ്ച നടന്നാല്‍ ഫ്രാന്‍സിസ് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്നു ഏവരും ഉറ്റുനോക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ ഒന്പത് കര്‍ദിനാള്‍മാരില്‍ ഒരാളും മുംബൈ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും മേജര്‍ ആര്‍ച്ച് ബിഷപ്പുമാരായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയും പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുവാന്‍ പലവട്ടം കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിന്നു.

1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.