അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍: ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂളി’ല്‍ പങ്കെടുത്തത് ലക്ഷങ്ങള്‍
വാഷിംഗ്ടണ്‍ ഡി.സി: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി. ഇന്നലെ വ്യാഴാഴ്ച അമേരിക്കയില്‍ നടന്ന എട്ടാമത് ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണത്തില്‍ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളാണ് ഭാഗഭാക്കായത്. തങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ ബൈബിളുമായാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്തുവെന്നു സംഘാടകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുത്തത് 5,14,000 വിദ്യാര്‍ത്ഥികളാണെന്നും ഇക്കൊല്ലം അതില്‍ കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിരിന്നെന്നും ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’യുടെ പാരന്റിംഗ് ആന്‍ഡ് യൂത്ത് വൈസ് പ്രസിഡന്റ് ഡാനി ഹുയെര്ട്ടാ പറഞ്ഞു. ഹൈസ്കൂള്‍, ജൂനിയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ കൂടുതലായി പങ്കെടുക്കുന്നതെങ്കിലും കോളേജ് വിദ്യാര്‍ത്ഥികള്‍, ടീച്ചര്മാര്, പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ക്കും ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ ഹുയെര്ട്ട പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
മുന്‍കാലങ്ങളില്‍ ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചില സ്കൂളുകളിലെ സ്റ്റാഫില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിന്നു. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്തിടത്തോളം കാലം വിദ്യാര്‍ത്ഥികള്‍ക്ക് പൊതു സ്കൂളുകളില്‍ ബൈബിള്‍ കൊണ്ടുവരുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഹുയെര്ട്ട പറഞ്ഞു. അതിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ‘അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം’ എന്ന മതസ്വാതന്ത്ര്യ സംഘടനയുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈബിള്‍ സ്കൂളിലേക്ക് കൊണ്ടുവരിക, തങ്ങള്‍ക്ക് മനസ്സിലായ ദൈവവചനം മറ്റുള്ളവരുമായി പങ്കുവെക്കുക എന്നീ രണ്ട് ലളിതമായ നടപടികളിലൂടെ ദൈവമഹത്വവും, സത്യവും തങ്ങള്‍ക്ക് ചുറ്റുമുള്ള സംസ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുവാന്‍ എല്ലാ പ്രായത്തിലുമുള്ള ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ പ്രാപ്തരാക്കുന്നുവെന്ന് ഫോക്കസ് ഓണ്‍ ദി ഫാമിലി പ്രോഗ്രാം മാനേജര്‍ ബ്രെറ്റ് എക്കെല്ബെറി പ്രസ്താവിച്ചു. 2014-ലാണ് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ വ്യത്യസ്തമായ പ്രചാരണപരിപാടിക്ക് ആരംഭം കുറിച്ചത്. നല്ല കുടുംബ ജീവിതം നയിക്കുവാന്‍ ദമ്പതികളെ പ്രേരിപ്പിക്കുകയും, കുട്ടികളെ ദൈവഭയമുള്ളവരായി വളരുവാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.