കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ്; രോഗം കൊച്ചി സ്വദേശിയായ യുവതിക്ക്
കൊച്ചി: ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് റിപ്പോർട്ടു ചെയ്തു. കോവിഡിനെ തുടർന്നു രോഗം ബാധിച്ച എറണാകുളം ഉദയംപേരൂരിൽ നിന്നുള്ള 38 വയസ്സുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇവരെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ എംഎൽഎ മന്ത്രി വീണാ ജോർജിനു കത്തയച്ചു. ചികിത്സയ്ക്കു ഭാരിച്ച ചെലവു വരുന്നെന്നും സഹായിക്കണമെന്നുമുള്ള കുടുംബാംഗങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് നടപടി. രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നവരിലാണ് ബ്ലാക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസ് രോഗം വരുന്നത്.
പരിസര പ്രദേശങ്ങളിൽ നിന്നെല്ലാം രോഗം വരാനുള്ള ഫംഗസ് വ്യക്തികളിൽ കടന്നു കൂടാം. ആദ്യ ഘട്ടത്തിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിച്ചേക്കാവുന്ന രോഗമാണ്. ചികിത്സയ്ക്കായി ശക്തമായ ആന്റി ഫംഗൽ മരുന്നുകൾ നൽകുന്നതാണ് പതിവ്. നേരത്തേ, രോഗം വ്യാപകമായപ്പോൾ മരുന്നിനു ക്ഷാമം നേരിട്ടെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് മരുന്നു ലഭ്യമാണ്.