ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്തെ ടെക് ഭീമന്മാരുടെ വളർച്ച സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളി: റിസർവ് ബാങ്ക്
ദില്ലി: ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്ത് ടെക് ഭീമന്മാർ വലിയ വളർച്ച നേടുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക്. സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്. സാമ്പത്തിക സേവന രംഗത്ത് ഈ കമ്പനികൾക്ക് മേധാവിത്വം ഉണ്ടാകുന്നതിലാണ് റിസർവ് ബാങ്ക് ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ റിപ്പോർട്ടിൽ കമ്പനികളെയോ, ഏത് രാജ്യത്ത് നിന്നുള്ള കമ്പനികളാണെന്നോ പറയുന്നില്ല. എന്നാൽ ഇന്ത്യൻ വിപണിയിൽ വൻകിട ടെക് കമ്പനികൾ സമീപ കാലത്ത് കാഴ്ചവെച്ച താത്പര്യവും സ്വാധീനവും വെല്ലുവിളിയാണ്. ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ), തുടങ്ങിയ ഭീമന്മാർ കോടിക്കണക്കിന് രൂപയാണ് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നത്.
പേമെന്റ് ഇക്കോ സിസ്റ്റം വളർത്താനും റീടെയ്ൽ സെക്ടറുമായി ബന്ധിപ്പിക്കുന്നതും ഇൻഷുറൻസ് വിൽപനയും മ്യൂച്വൽ ഫണ്ട് സേവനങ്ങളും തങ്ങളുടെ ആപ്പിൽ ലഭ്യമാക്കുന്നതും ബാങ്കുകളുടെ ഡിജിറ്റൽ വിപണിയിലെ ഓഹരിയെ കാർന്നുതിന്നുന്നതാണെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയിലെ റീടെയ്ൽ വിപണിയിൽ ഡിജിറ്റൽ പേമെന്റ് വിഭാഗത്തിന്റെ സിംഹഭാഗവും വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫോൺപേയും ആൽഫബെറ്റിന്റെ ഗൂഗിൾ പേയുമാണ് കൈയ്യാളുന്നത്.
Courtesy: Asianet News