കാനഡയില്‍ 114 വര്‍ഷം പഴക്കമുള്ള കത്തോലിക്ക ദേവാലയം കത്തിനശിച്ചു: ഒരാഴ്ചയ്ക്കിടെ അഗ്നിയ്ക്കിരയായത് 6 ദേവാലയങ്ങൾ: ദുരൂഹത

മോറിന്‍വില്ലെ: കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലെ എഡ്മൊണ്ടന്‍ മെട്രോപ്പോളിറ്റന്‍ മേഖലയിലെ മോറിന്‍വില്ലെ പട്ടണത്തില്‍ സ്ഥിതി ചെയ്തിരിന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സെന്റ്‌ ജീന്‍ ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയം സംശയാസ്പദമായ തീപിടുത്തത്തില്‍ കത്തിനശിച്ചു. ഇന്നലെ ജൂണ്‍ 30 ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന 3:20 ഓടെ സംഭവസ്ഥലത്തെത്തുകയും, രാവിലെ 7 മണിയോടെ അഗ്നി നിയന്ത്രണത്തിലാക്കിയെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് ദേവാലയത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

അതേസമയം മനപൂര്‍വ്വം ആരോ തീവെച്ചതാണോ എന്ന സാധ്യത റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി) തള്ളിക്കളയുന്നില്ല. “വിദ്വേഷത്താല്‍ പ്രേരിതമായ തീവെയ്പ്പ്” എന്നായിരുന്നു സംഭവസ്ഥലം സന്ദര്‍ശിച്ച അല്‍ബര്‍ട്ടയുടെ പ്രീമിയര്‍ (കാനഡയിൽ, ഒരു പ്രവിശ്യയുടെയോ പ്രദേശത്തിന്റെയോ സർക്കാർ തലവന്‍) ജാസണ്‍ കെന്നിയുടെ പ്രതികരണം. ആല്‍ബര്‍ട്ടായിലെ ഫ്രാങ്കോഫോണ്‍ സമൂഹത്തിന്റെ ആത്മീയ ജീവിതത്തില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന ദേവാലയമാണിതെന്നും, പ്രദേശത്തെ തദ്ദേശീയരുള്‍പ്പെടെയുള്ള വിശ്വാസികളുടെ ആത്മീയ സ്ഥലങ്ങള്‍ നശിപ്പിക്കുക എന്നതാണ് ദേവാലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും സന്ദര്‍ശനത്തിന് ശേഷം ജാസണ്‍ കെന്നി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ആക്രമണ സാധ്യതയുള്ള ദേവാലയങ്ങള്‍ക്ക് ചുറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ദേവാലയം കത്തിനശിച്ചതിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മോറിന്‍വില്ലെ നിവാസികള്‍ മോചിതരായിട്ടില്ലെന്നും, പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഭീകരവും, ദാരുണവുമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും, നഷ്ടം നികത്തുവാന്‍ കഴിയുന്നതല്ലെന്നുമാണ് മോറിന്‍വില്ലെ മേയര്‍ ബാരി ടര്‍ണര്‍ ബുധനാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 1907-ലാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ആഴ്ചയില്‍ മാത്രം കാനഡയില്‍ ആറ് ദേവാലയങ്ങളാണ് അഗ്നിക്കിരയായത്. സംഭവത്തോടെ മറ്റ് ദേവാലയങ്ങളിലെ തീപിടുത്തത്തേക്കുറിച്ചും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പ്രവർത്തനം അവസാനിപ്പിച്ച കത്തോലിക്ക റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് തദ്ദേശീയരായ കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ദേവാലയങ്ങൾക്കും തിരുസ്വരൂപങ്ങൾക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമായത്. രണ്ട് റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് സമീപത്തുനിന് ആയിരത്തിൽപ്പരം കുഴിമാടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതിന്റെ മറവില്‍, ദുരൂഹമായ സാഹചര്യത്തില്‍ അക്രമികള്‍ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കുന്നതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.