പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍
ജെറുശലേം: പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍. യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്‌സിൻ ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ കൈമാറുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സിനാണ് പലസ്തീന് നല്‍കുക. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം.
എന്നാല്‍ പാലസ്തീന്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേല്‍ പലസ്തീന് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലില്‍ മുതിര്‍ന്ന 85 %പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ല.
അതേസമയം, ലോകത്തുതന്നെ ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തികള്‍ നടപ്പാക്കിയ രാജ്യമാണ് ഇസ്രയേല്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയായതോടെ ജനജീവിതം സാധാരണ നിലയിലാവുകയും നിര്‍ബന്ധിത മാസ്‌ക് ഒഴിവാക്കുകയും ചെയ്തിരുന്നു.