അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ചണ്ഡീഗഢ്‌: ഇന്ത്യയുടെ ട്രാക്കിലെ ഇതിഹാസം മിൽഖാസിങ്ങ്‌ അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ അന്ത്യം. ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽകൗർ അഞ്ചുദിവസംമുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു.

ജൂൺ മൂന്നിനാണ്‌ മിൽഖയെ ചണ്ഡീഗഢിലെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തുടക്കത്തിൽ ന്യുമോണിയ ബാധിച്ച്‌ ആരോഗ്യനില വഷളായിരുന്നു. എന്നാൽ, കോവിഡ്‌ നെഗറ്റീവായതിനെ തുടർന്ന്‌ ബുധനാഴ്‌ച അത്യാഹിതവിഭാഗത്തിൽനിന്ന്‌ മാറ്റിയിരുന്നു. വ്യാഴാഴ്‌ച രാത്രിയോടെ പനി മൂർഛിച്ചു. ശ്വാസതടസ്സവുമുണ്ടായി.
അതീവഗുരുതരമാണെന്ന്‌ വെള്ളിയാഴ്‌ച രാവിലെ ഡോക്ടർമാർ അറിയിച്ചിരുന്നു. പിന്നാലെയാണ്‌ മരണവാർത്ത എത്തിയത്‌.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലീറ്റാണ്‌ മിൽഖ. 1960ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്റിലെ ഐതിഹാസിക പ്രകടനമാണ്‌ മിൽഖയെ രാജ്യത്തിന്റെ ഹീറോയാക്കിയത്‌. അന്നുമുതലാണ്‌ പറക്കുംസിഖ് എന്ന പേര്‌ കിട്ടിയത്‌. 400 മീറ്ററിൽ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ്‌ വെങ്കല മെഡൽ നഷ്ടമായത്‌. നാലംസ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌ത്‌ സ്ഥാപിച്ച ദേശീയ റെക്കോഡ്‌ 38വർഷം തകരാതെനിന്നു.

നാലുതവണ ഏഷ്യൻ ഗെയിംസ്‌ സ്വർണം (200 മീറ്റർ, 400 മീറ്റർ) നേടിയിട്ടുണ്ട്‌.

1958 കോമൺവെൽത്ത്‌ ഗെയിംസ്‌ ചാമ്പ്യനായിരുന്നു.1956, 1964 ഒളിമ്പിക്‌സിലും പങ്കെടുത്തു.

1959ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഗോൾഫ്‌താരം ജീവ്‌ മിൽഖയടക്കം നാല്‌ മക്കളുണ്ട്‌.

Leave A Reply

Your email address will not be published.