എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: എടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍ബി. ഇന്റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. 2014ലാണ് ഇതിന് മുമ്പ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്.

ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം ആര്‍ബിഐ മുഖവിലക്കെടുക്കുകയായിരുന്നു. ഇന്റര്‍ചേഞ്ച് ചാര്‍ജ് 15ല്‍ നിന്ന് 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ് അനുമതി. എടിഎം കാര്‍ഡ് നല്‍കുന്ന ബാങ്ക് എടിഎം സര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്ന ചാര്‍ജാണിത്.

ഉപയോക്താക്കള്‍ ഇതര ബാങ്കിന്റെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോഴാണ് ഈ ചാര്‍ജ് ബാങ്കുകള്‍ എടിഎം പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്നത്. ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായും വര്‍ധിപ്പിക്കും.

ഇതോടെ എടിഎമ്മില്‍ നിന്ന് കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ചുമത്തുന്ന ചാര്‍ജും ബാങ്കുകള്‍ വര്‍ധിപ്പിക്കും. നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കിന്റെ എടി എമ്മില്‍ നിന്ന് അഞ്ച് ഇടപാടുകളും മറ്റ് ബാങ്കുകളില്‍ മൂന്ന് ഇടപാടുകളും നടത്താനാണ് അനുമതിയുള്ളത്. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാര്‍ജായി നല്‍കണം.

ഇത് 21 രൂപയായി ബാങ്കുകള്‍ വര്‍ധിപ്പിക്കും. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ ചാര്‍ജ് നിലവില്‍ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.