എല്ലാ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന പുതിയ സാഹചര്യത്തില്‍ പഠനം ഫലപ്രദമായി നടത്താന്‍ സൗകര്യമൊരുക്കേണ്ടതുണ്ട്. ഇതിന് ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൗകര്യവും ലാപ്ടോപ്പും ടാബും ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകൾ ഓരോ വിദ്യാര്‍ത്ഥിക്കും ഉറപ്പ് വരുത്തേണ്ടതുണ്ട്.

അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം കണ്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാക്കാന്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം ഗ്രാമ-നഗര ഭേദമില്ലാതെ ഉറപ്പുവരുത്തണം. ഇതിന് എഫ്.ടി.ടി.എച്ച്./ബ്രോഡ്ബാന്‍റ് കണക്ഷന്‍ സാധ്യമായിടങ്ങളിലെല്ലാം നല്‍കാനാവണം. അതോടൊപ്പം വൈ-ഫൈ കണക്ഷന്‍ നല്‍കുന്നതിനുള്ള മൊബൈല്‍ ടവറുകളും മറ്റ് സംവിധാനങ്ങളുമൊരുക്കണം. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തീകരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ വിവേചനം ഇല്ലാതെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തികമായി പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കാന്‍ സാധിക്കണം. ഓണ്‍ലൈന്‍ പഠനം ഫലപ്രദമാകാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് ഉറപ്പുവരുത്താനുമാകണം. കോവിഡിന്‍റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം കുറച്ചുകാലം തുടരേണ്ടി വരും എന്നാണ് കണക്കാക്കേണ്ടത്. ഇക്കാര്യം പരിഗണിച്ച് തടസ്സമില്ലാതെ ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഉറപ്പുവരുത്താനാകണം. ഇതെല്ലാം പരിഗണിച്ച് പ്രത്യേക സ്കീം തയ്യാറാക്കാന്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത എല്ലാ സർവീസ് പ്രൊവൈഡർമാരും പിന്തുണ പ്രഖാപിച്ച് അനുഭാവപൂർവം സംസാരിച്ചത് സർക്കാരിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.എസ്.എന്‍.എല്‍, ടെലികമ്യൂണിക്കേഷന്‍ വകുപ്പ്, ബി.ബി.എന്‍.എല്‍, വൊഡാഫോണ്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ കമ്യൂണിക്കേഷന്‍, റിലയന്‍സ് ജിയോ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എ.ടി.സി ടെലകോം, ഇന്‍ഡസ് ടവേഴ്സ് ലിമിറ്റഡ്, കേരള വിഷന്‍ ബ്രോഡ്ബാന്‍റ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.