28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം, ഒരു ചൈനീസ് അത്ഭുതം
ബീജീങ്: കോവിഡ് രൂക്ഷമായ സമയത്ത് ദിവസങ്ങൾ കൊണ്ട് കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന് മറ്റൊരു നിർമാണാത്ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ് ചൈന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ചാങ്ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ ബ്രോഡ് ഗ്രൂപ്പ് ആണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഭൂമികുലുക്കത്തെ ചെറുക്കാൻ കെൽപുളളതാണ് ഈ കെട്ടിടമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കെട്ടിടം നിർമിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പ്രീഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. മുറികൾ ഉൾപ്പടെയുളള കെട്ടിടത്തിന്‍റെ ഭാഗങ്ങൾ നേരത്തേ ഫാക്ടറിയിൽ നിർമിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർക്കുകയുമാണ് ചെയ്തത്.
ഷിപ്പിങ് കണ്ടെയ്നറിന്‍റെ മാതൃകയിൽ ഒരേ അളവുകളിലാണ് കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്. അതിനാൽ, ഇവ അനായാസമായി കെട്ടിടം പണിയുന്ന സ്ഥലത്ത് എത്തിക്കാൻ കഴിയും. നിർമാണസ്ഥലത്ത് ഇവ എത്തിച്ച് ഒന്നിനുമുകളിൽ ഒന്നായി ക്രെയിൻ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ ഇവയെല്ലാം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്ത് ഇതേ പോലെ കെട്ടിടം നിർമ്മിക്കുകയും ചെയ്യാം. ഇപ്രകാരം 200 നില കെട്ടിടം വരെ പണിതുയർത്താനാകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.