ആരാധനാലയങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖ; പുതിയ തീരുമാനങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം ഭാഗികമായി അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനം. മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് 40 പേരെ വരെ അനുവദിക്കും. സാധാരണ സമയങ്ങളില്‍ ആരാധനാലയത്തിനകത്ത് ഒരേ സമയം 20 പേര്‍ക്ക് പ്രവേശിക്കാനാവും.
വെള്ളിയാഴ്ച് പ്രാര്‍ഥനക്കു പുറമെ ഞായറാഴ്ച കുര്ബാനക്കും 40 പേര്‍ക്കു വരെ പങ്കെടുക്കാമെന്ന് മാര്‍ഗനിര്‍ദേശം പറയുന്നു. ശബരിമല തുലാമാസ പൂജക്ക് ഒരു ദിവസം 250 പേര്‍ക്കു വരെ ദര്‍ശനം നടത്താനും അനുമതിയുണ്ട്.
അതേസമയം കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആരാധനാലയങ്ങള്‍ ഇതിനായി തയ്യാറെടുക്കേണ്ടത്. സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം സൂക്ഷിച്ചുള്ള പ്രാര്‍ഥന തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ആരാധനാലയവുമായി ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു വരുത്തണം.
