ദേവാലയങ്ങൾ അടച്ചിട്ടില്ലെങ്കിൽ ആക്രമിക്കും: നൈജീരിയൻ ക്രൈസ്തവർക്ക് മുന്നറിയിപ്പുമായി ഫുലാനി തീവ്രവാദികള്‍

അബൂജ: ക്രൈസ്തവ ദേവാലയങ്ങൾ അടച്ചിടാൻ തയ്യാറാകാതെ പൊതു ആരാധന നടത്തിയാൽ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി മുസ്ലിം ഫുലാനി തീവ്രവാദികളുടെ കത്ത്. സംഫാര സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗുസാവുവിൽ സ്ഥിതിചെയ്യുന്ന ഒരു പോലീസ് സ്റ്റേഷനിലാണ് നവംബർ 19നു കത്ത് ലഭിക്കുന്നത്. ഇതേ തുടർന്ന് ആരാധനാലയങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു. “ക്രൈസ്തവ മതത്തിനു നേരെ യുദ്ധം ചെയ്യാൻ പദ്ധതി തയ്യാറാക്കുന്ന ഫുലാനി അസോസിയേഷൻ” എന്നാണ് തീവ്രവാദികൾ തങ്ങളെ തന്നെ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്നു വർഷത്തേക്ക് ദേവാലയങ്ങൾ അടച്ചിടണം. ഇല്ലായെങ്കിൽ അവ അഗ്നിക്കിരയാക്കാൻ ആരംഭിക്കുമെന്ന് അവർ കത്തിൽ പറയുന്നു.

ക്രൈസ്തവ നേതാക്കൻമാരെ പിന്തുടർന്ന് അവരെയും അവരുടെ കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടു പോകുമെന്നും ഫുലാനികളുടെ ഭീഷണി കത്തിൽ പറയുന്നുണ്ട്. ക്രിസ്തുമസ് ദിനം വരെ ഗുസാവുവിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവാലയങ്ങൾ ആക്രമിച്ചുകൊണ്ട് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അവർ ഭീഷണി മുഴക്കി. അതേസമയം ദേവാലയങ്ങൾക്ക് ഏർപ്പെടുത്തേണ്ട സുരക്ഷയെ പറ്റി ചർച്ചചെയ്യാൻ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടനയിലെ നേതൃത്വത്തിന് ക്ഷണം നൽകിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ പോലീസ് സേനയുടെ വക്താവ് മുഹമ്മദ് ഷെഹു പറഞ്ഞു.

പട്രോളിംഗിന് വേണ്ടി ഒരു പ്രത്യേക സ്ക്വാഡിന് തന്നെ രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കാനും പോലീസ് ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജീരിയയെ ഇസ്‌ലാമികവൽക്കരിക്കുക എന്ന ലക്ഷ്യവുമായി 2009ൽ ബൊക്കോ ഹറം എന്ന തീവ്രവാദി സംഘടന തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആരംഭിച്ചതിനു ശേഷമാണ് നൈജീരിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടുന്നത്. മത, രാഷ്ട്രീയ രംഗത്തെ നേതാക്കന്മാർക്ക് നേരെയും, സാധാരണ ജനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ പതിവാണെങ്കിലും ഇരകൾ മിക്കപ്പോഴും ക്രൈസ്തവരാണ്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.