യുപിയില്‍ ഈ മാസം അറസ്റ്റ് ചെയ്തത് ഒരു പാസ്റ്ററും ഭാര്യയും ഉൾപ്പടെ 30 ക്രൈസ്തവരെയെന്ന് റിപ്പോർട്ട്

മുംബൈ: ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ നിരവധി ക്രൈസ്തവര്‍ അറസ്റ്റിലാകുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) സാധു ശ്രീനിവാസ് ഗൗതം എന്ന ക്രിസ്ത്യാനിയെ ഉദ്ധരിച്ചുക്കൊണ്ട് തയാറാക്കിയ വാര്‍ത്ത ചൂണ്ടിക്കാട്ടി ഏഷ്യന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഗംഗാപൂരില്‍ 7 പേരുടെ അറസ്റ്റിനാധാരമായ സംഭവം നടന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു കൂടിയ ക്രൈസ്തവരുടെ കൂട്ടായ്മയിലേക്ക് അതിക്രമിച്ച് കയറിയ ഇരുപത്തിയഞ്ചോളം പേരടങ്ങിയ സുവിശേഷവിരോധിക കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം നടത്തി എന്നാരോപിക്കുകയായിരുന്നെന്ന് ഗൗതം പറഞ്ഞതായി ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത അക്രമികള്‍ തന്നെ അവിടെവെച്ച് കൊല്ലുവാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും പോലീസെത്തി തങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് മതപരിവർത്തന നിരോധനം ലംഘിച്ച കുറ്റത്തിന് താനുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് അവരുടെ വിശ്വാസത്തിലേക്ക് തിരികെ വരണമെന്ന് അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഗൗതം പറയുന്നു. ജൂലൈ 21-ന് ഒരു അനാഥാലയം നടത്തിക്കൊണ്ടിരുന്ന പാസ്റ്ററേയും, അദ്ദേഹത്തിന്റെ ഭാര്യയേയും അന്യായമായി അറസ്റ്റ് ചെയ്ത് തടവിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനാഥാലയത്തിലെ കുട്ടികളുടെ മേല്‍നോട്ടം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. ജൂലൈ മാസത്തില്‍ ഇതുവരെ 30 ക്രിസ്ത്യാനികളാണ് ഈ നിയമത്തിന്റെ പേരില്‍ അറസ്റ്റിലായിരിക്കുന്നതെന്നും ഐ‌സി‌സി റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ ആസ്ഥാനമായ പ്രമുഖ അന്താരാഷ്ട്ര സന്നദ്ധ സംഘടന ഓപ്പണ്‍ ഡോഴ്സ് പുറത്തുവിട്ട ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.