ട്രംപ് ആതിഥേയനാകും; ഇസ്രയേല്‍- യുഎഇ ചരിത്രഉടമ്പടി ഒപ്പുവെയ്ക്കുന്നത് വൈറ്റ്ഹൗസില്‍

വാഷിംഗ്ടണ്‍: ഇസ്രസേല്‍- യുഎഇ ചരിത്ര ഉടമ്പടിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആതിഥേയത്വം വഹിക്കും. ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ചരിത്ര ഉടമ്പടി വൈറ്റ് ഹൗസില്‍വെച്ച് സെപ്തംബര്‍ 15നായിരിക്കും ഒപ്പുവെയ്ക്കുക. 18 മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഓഗസ്റ്റ് 13ന് വൈറ്റ്ഹൗസ് തന്നെയാണ് കരാര്‍ ഒപ്പുവെയ്ക്കാനുള്ള തീരുമാനം ലോകത്തെ അറിയിച്ചത്. ചരിത്രമുഹൂര്‍ത്തത്തിന് ആതിഥേയത്വം തങ്ങള്‍ തന്നെ വഹിക്കുമെന്ന് വൈറ്റ്ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ട്രംപിന്റെ ക്ഷണം സ്വീകരിച്ച് താന്‍ വാഷിംഗ്ടണിലെത്തുമെന്നും ഇത് അഭിമാനമുഹൂര്‍ത്തമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ഉടമ്പടി ഒപ്പുവെയ്ക്കാനായി വൈറ്റ്ഹൗസിലെത്തുമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ക് അബ്ദുള്ള ബിന്‍ സെയ്ദ് അല്‍ നഹ്യാനും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഹൈടെക്ക്, സാങ്കേതികവിദ്യ, വന്‍കിടവ്യവസായം മുതലായ രംഗങ്ങളില്‍ പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേലും യുഎഇയും പ്രഖ്യാപിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സാധാരണനിലയിലായെന്നതിന്റെ സൂചനയായി കഴിഞ്ഞ ആഴ്ച്ച ഒരു ഇസ്രയേല്‍ സംഘം യുഎഇ സന്ദര്‍ശിച്ചിരുന്നു. കൊവിഡ് വ്യാപനംമൂലം ആഗോളതലത്തിലെ ബിസിനസ് രംഗം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് നയതന്ത്രരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.