3000 പേരുടെ ജീവൻ കവർന്ന, ലോകത്തെ നടുക്കിയ 9/11 ഭീകാരക്രമണത്തിന് ഇന്ന് 19 വയസ്
പത്തൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസം 2,606 മനുഷ്യർ അടുത്ത ദിവസത്തെ പുലരി പ്രതീക്ഷിച്ച് ഉറങ്ങാൻ കിടന്നു…343 അഗ്നിരക്ഷാ സേനാനികൾ മോണിംഗ് ഷിഫ്റ്റിൽ ജോലിക്ക് കയറാനുള്ള തയാറെടുപ്പോടെയായിരിക്കണം രാത്രിയുറക്കത്തിലേക്ക് കടന്നിരിക്കുക..246 പേർ തൊട്ടടുത്ത ദിവസം രാവിലെ പോകാനുള്ള ഫ്‌ളൈറ്റിനെ കുറിച്ച് ആലോചിച്ചും, തയാറെടുപ്പുകൾ നടത്തിയും കണ്ണടച്ചിരിക്കും….60 പൊലീസുകാർ അടുത്ത ദിവസത്തെ പ്രഭാത പട്രോളിംഗിനെ കുറിച്ചും, എട്ട് പാരാമെഡിക്കുകൾ അടുത്ത ദിവസം ചെയ്ത് തീർക്കേണ്ട ജോലിയെ കുറിച്ചും ആലോചിച്ചായിരിക്കും ഉറങ്ങാൻ കിടന്നിരിക്കുക….എന്നാൽ അവരാരും 2001 സെപ്തംബർ 11ന് രാവിലെ 10 മണി എന്ന സമയത്തിനപ്പുറം കണ്ടിട്ടില്ല…അന്നാണ് ലോകത്തെ നടുക്കിയ 9/11 ഭീകാരക്രമണം നടക്കുന്നത്…അന്ന് പൊലിഞ്ഞത് 3000 ജീവനുകളാണ്…ആറായിരത്തിലേറെ പേർക്ക് പരുക്കേറ്റു…അൽ ഖ്വയ്ദയും ഒസാമ ബിൻ ലാദനും ലോകരാജ്യങ്ങളുടെ പേടിസ്വപ്‌നമായി മാറി…
സെപ്തംബർ 11ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയിലാണ് 10 അൽ ഖ്വയ്ദ തീവ്രവാദികൾ നാല് യുഎസ് പാസഞ്ചർ വിമാനങ്ങൾ ഹൈജാക്ക് ചെയ്യുന്നത്. ഇതിൽ രണ്ട് വിമാനങ്ങൾ മാൻഹട്ടനിലെ വേൾഡ് ട്രേഡ് സെന്ററിലെ ട്വിൻ ടവറുകളിൽ ചെന്നിടിച്ചു. മൂന്നാം വിമാനം പതിച്ചത് പെന്റഗണിലേക്കാണ്. അവസാന വിമാനം ഒരു മൈദാനത്തിലേക്കാണ് വീണത്.
രണ്ട് മണിക്കൂറിനുള്ളിൽ 110 നിലയുള്ള വേൾഡ് ട്രേഡ് സെന്ററിന്റെ ടവർ നിലം പതിച്ചു. ഈ ആഘാതത്തിൽ ചുറ്റുവട്ടത്തുള്ള മറ്റ് കെട്ടിടങ്ങളും തകർന്നു.
മൂവായിരം പേരുടെ ജീവനെടുത്ത ആ വിപത്തിന് ഇന്ന് 19 വർഷം തികയുകയാണ്.
ഭീകരാക്രമണത്തെ തുടർന്നുണ്ടായ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യാനായത് മേയ് 2002 ലാണ്.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ പകുതി സേനയും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രവർത്തിച്ചു. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് ബിൻ ലാദന്റെ തലയ്ക്ക് 25 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചു.
തുടർന്ന് വർഷങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ 2011 മെയ് 2ന് പാകിസ്താനിൽ ബിൻലാദൻ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ അന്ന് പ്രസിഡന്റായിരുന്ന ഒബാമയുടെ ഉത്തരവ് പ്രകാരം ഒരു സംഘം രഹസ്യമായി താവളത്തിലെത്തി ബിൻലാദനെ വെടിവച്ച് വീഴ്ത്തി.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായ 9/11 ന്റെ ഓർമയ്ക്കായി ന്യൂയോർക്കിൽ ഒരു മ്യൂസിയം തുറന്നിട്ടുണ്ട്.
ഇന്നും ഈ ദിവസം നിരവധി പേരാണ് തങ്ങളുടെ ഉറ്റവരുടെ ഓർമയ്ക്കായി പ്രദേശത്ത് എത്തുന്നത്.