ഭ്രൂണഹത്യവാദികളായ ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ്

അരിസോണ: ജനനത്തിന് ശേഷവും ശിശുക്കളെ കൊല്ലാമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രബോധനങ്ങള്‍ കേട്ട് ജനം മടുത്തുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വാരാന്ത്യത്തില്‍ അരിസോണയില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രോലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അബോര്‍ഷന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. വീര്‍ജീനിയയിലെ ഇപ്പോഴത്തെ ഗവര്‍ണറുടേയും, മുന്‍ഗവര്‍ണറുടേയും നിലപാടുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കിത് ബോധ്യമാവുമെന്നാണ് ട്രംപ് പറയുന്നത്. ഇതാദ്യമായല്ല ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അബോര്‍ഷന്‍ അനുകൂല നിലപാടുകള്‍ തുറന്നു കാട്ടുന്നത്. 2019-ലും ട്രംപ് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ ഓരോ ഉന്നതനും വൈകിയ വേളയിലുള്ള അബോര്‍ഷനെ അനുകൂലിക്കുന്നവരാണെന്ന് പറഞ്ഞ ട്രംപ് വിര്‍ജീനിയ ഗവര്‍ണറെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രത്തെ അതിജീവിച്ച് ശിശു ജീവനോടെ ജനിച്ചുകഴിഞ്ഞാലും അമ്മയുമായി സംസാരിച്ചതിന് ശേഷം ഡോക്ടര്‍ക്ക് ആ ശിശു ജീവിച്ചിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നുമാണ് വിര്‍ജീനിയ ഗവര്‍ണര്‍ പറയുന്നതെന്ന് ട്രംപ് വിവരിച്ചു. ഇത് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ആശയം തന്നെയാണെന്ന് പറഞ്ഞ ട്രംപ് അതുകൊണ്ടാണ് താന്‍ വൈകിയ വേളയിലുള്ള അബോര്‍ഷനുകള്‍ നിരോധിക്കുവാന്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടതെന്നും, ഓരോ കുട്ടിയും ദൈവത്തിന്റെ സമ്മാനമാണെന്ന് വിശ്വസിക്കുന്നവരാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭഛിദ്രത്തെ അതിജീവിച്ച് ജീവനോടെ ജനിക്കുന്ന ശിശുക്കള്‍ക്ക് വേണ്ട വൈദ്യ പരിപാലനത്തിലുള്ള നിയമം അമേരിക്കയിലെ പത്തൊന്‍പതോളം സംസ്ഥാനങ്ങളില്‍ ഇല്ലെന്നാണ് അമേരിക്കന്‍ യുണൈറ്റഡ് ഫോര്‍ ലൈഫ് എന്ന സംഘടന നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത്. അബോര്‍ഷനെ അതിജീവിച്ച് ശിശുക്കള്‍ ജനിക്കുന്നത് വളരെ വിരളമാണെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ നിരവധി കുട്ടികള്‍ അബോര്‍ഷനെ അതിജീവിച്ച് ജനിക്കുന്നുണ്ടെന്നാണ് ഡിസീസ് കണ്ട്രോള്‍ സെന്ററുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.