മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്

ദോഹ: മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്‍ച ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ദക്ഷിണാഫ്രിക്ക, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്‍ച ഈ പട്ടികയിലേക്ക് മൊസാംബികിനെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സ്ഥിതിഗതികള്‍ ഓരോ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചത്. അതേസമയം ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസാംബിക് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ തുടര്‍ന്നും കൊണ്ടുപോകും. പുതിയ നിയന്ത്രണം ബാധകമാവുന്ന യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്‍സുമായോ തങ്ങളുടെ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
