സ്കൂൾ തുറക്കാൻ ഇനി രണ്ടു നാൾ; സജ്ജമെന്ന് കലക്ടർമാരുടെ റിപ്പോർട്ട്
തിരുവനന്തപുരം: ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ സജ്ജമായതായി ജില്ല കലക്ടർമാരുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് ലഭിച്ചത്. ശുചീകരണവും അണുനശീകരണവും ഉൾപ്പെടെയുള്ളവ മുഴുവൻ സ്കൂളുകളിലും പൂർത്തിയാക്കി. ഏതാനും സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കാത്ത പ്രശ്നം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യ ദിവസം എത്ര കുട്ടികൾ സ്കൂളുകളിലെത്തുന്നെന്നതുകൂടി പരിഗണിച്ചാകും തുടർന്നുള്ള ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
സ്കൂൾ തുറക്കുന്ന നവംബർ ഒന്നിനു തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളും പൂർത്തിയായിവരുന്നു. പല ജില്ലകളിലും പ്രധാന വെല്ലുവിളി കുട്ടികളുടെ ഗതാഗത സൗകര്യമാണ്. ഇത് പരിഹരിക്കാൻ സർക്കാർ തലത്തിലും ജില്ല ഭരണകൂടങ്ങളുടെ നേതൃത്വത്തിലും നടപടികൾ അവസാനഘട്ടത്തിലാണ്. ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്തരുതെന്നാണ് സർക്കാർ നിർദേശം.
കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ സ്കൂൾ കെട്ടിടങ്ങളുടെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര മാറ്റണമെന്ന് ഹൈകോടതി നിർദേശമുണ്ടായിരുന്നു. ഇതിനു പുറമെ ടിൻ ഷീറ്റിലുള്ള മേൽക്കൂര മാറ്റണമെന്ന് ബാലാവകാശ കമീഷെൻറ ഉത്തരവുമുണ്ടായിരുന്നു. ഇൗ രണ്ടു ഉത്തരവുകളും പാലിക്കാത്തതിനാലാണ് പല സ്കൂളുകൾക്കും തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് തടഞ്ഞത്.
ആസ്ബറ്റോസ് ഷീറ്റ് മാറ്റാനുള്ള വിധി നടപ്പാക്കാൻ കോടതിയിൽ സാവകാശം തേടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ടിൻ ഷീറ്റ് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കൽ പ്രായോഗികമല്ലെന്നാണ് വകുപ്പിെൻറ അഭിപ്രായം. ഇടുക്കി, വയനാട് പോലുള്ള ജില്ലകളിൽ പല സ്കൂളുകൾക്കും ആസ്ബറ്റോസ് ഷീറ്റിെൻറ മേൽക്കൂരയാണ്. ഇവിടത്തെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് മേൽക്കൂരയിൽ ഷീറ്റ് ഉപയോഗിക്കുന്നതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.