നാവികസേനയെ നയിക്കാൻ മലയാളി; ആർ. ഹരികുമാർ ചുതലയേറ്റു
പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു
ന്യൂഡൽഹി: നാവിക സേനാ മേധാവിയായി ആർ. ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഹരികുമാർ ചുമതലയേറ്റത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
നാവികസേനാ മേധാവിയാകുന്നതിൽ സന്തോഷമുണ്ടെന്ന് ഹരികുമാർ പറഞ്ഞു. ഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തിനു മുന്നിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
ഏറെ നിർണായക സമയത്താണ് നാവികസേനാ മേധാവിയായതെന്നും അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും കരംബീർ സിങ് പറഞ്ഞു. മുൻഗാമികളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അവരുടെ പാത പിന്തുടരുമെന്നും ഹരികുമാറും പറഞ്ഞു
പശ്ചിമ നേവൽ കമാൻഡിൽ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ചീഫായിരുന്നു ഹരികുമാർ. തിരുവനന്തപുരം പട്ടം സ്വദേശിയായ അദ്ദേഹം 1983 ലാണ് നാവികസേനയുടെ ഭാഗമാകുന്നത്. ഐ.എൻ.എസ് വിരാട്, ഐ.എൻ.എസ് രൺവിർ എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.
പരം വിശിഷ്ഠ് സേവ മെഡൽ , അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.