നരേന്ദ്ര മോദി – ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച?

മുംബൈ: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോള്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ വെള്ളിയാഴ്ച കൂടികാഴ്ച നടന്നെക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ച നടന്നേക്കുമെന്നാണ് സൂചന. ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഒക്ടോബര്‍ 29,30 തീയതികളിലായി റോമില്‍വെച്ചാണ് നടക്കുന്നത്.

ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ദേശീയ മെത്രാന്‍ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരിന്നു. മാര്‍പാപ്പയ്ക്കും രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികള്‍ കണ്ടെത്തുന്നതു തടസ്സമെന്നായിരിന്നു കേന്ദ്ര നേതൃത്വം പലപ്പോഴായി ഇതിന് വിശദീകരണം നല്‍കിക്കൊണ്ടിരിന്നത്. ഭാരതം സന്ദര്‍ശിക്കാനുള്ള താത്പര്യം ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് മുന്‍പ് പലവട്ടം പ്രകടിപ്പിച്ചിരിന്നു.

ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ ഒന്പത് കര്‍ദിനാള്‍മാരില്‍ ഒരാളും മുംബൈ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും മേജര്‍ ആര്‍ച്ച് ബിഷപ്പുമാരായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയും പലവട്ടം കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിന്നു. പ്രധാനമന്ത്രി- പാപ്പ കൂടിക്കാഴ്ച നടന്നാല്‍ ഫ്രാന്‍സിസ് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.