ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിള്‍ പരിശോധനയ്ക്ക്

ബെംഗളൂരു: കോവിഡിന്റെ(Covid) പുതിയ വകഭേദമായ ഒമൈക്രോണ്‍(Omicron) ഭീതിയ്ക്കിടെ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍(South Africa) പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകള്‍ വിശദപരിശോധനയ്ക്കായി അയച്ചു. ഇരുവരെയും ക്വാറന്റീന്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കെമ്പഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. നവംബര്‍ ഒന്നിനും 26നും ഇടയില്‍ 94 പേരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബെംഗളൂരു റൂറല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ ശ്രീനിവാസ് പറഞ്ഞു. സ്രവപരിശോധനഫലം വരാന്‍ 48 മണിക്കൂര്‍ എടുത്തേക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്(Virus) ആഫ്രിക്കയിൽ(Africa) കണ്ടെത്തിയ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി(PM Narendra Modi). വൈറസിന്റെ വകഭേദമായ ഒമൈക്രോണിനെതിരെ(Omicron) സ്വീകരിക്കേണ്ട മുൻകരുതലുകൾ, മാർഗനിർദ്ദേശങ്ങൾ എന്നിവ ഉന്നതതല യോഗം വിലയിരുത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രാദേശങ്ങൾക്കും കേന്ദ്ര ആരരാഗ്യമന്ത്രാലയം നിർദേശം നൽകി.

അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണോയെന്ന് പരിശോധിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.

ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തിയ യോഗം, വാക്സിനേഷനിൽ ചില സംസ്ഥാനങ്ങളുടെ ജാഗ്രതക്കുറവും ചർച്ച ചെയ്തു.

ഡിസംബർ അവസാനത്തോടെ ആദ്യ ഡോസ് വാക്‌സിൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് കൃത്യസമയത്ത് രണ്ടാം ഡോസ് ലഭ്യമാകുമെന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ 121. 6 ലക്ഷം ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.