ഇസ്രായേലിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ജെറുസലേമിലെ ചീഫ് യഹൂദ റബ്ബി
ജെറുസലേം: ക്രൈസ്തവർക്കെതിരെ ഇസ്രായേലിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ജെറുസലേമിലെ സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ റബ്ബി ഷ്ലോമോ അമാർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം പ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞത്. മെയ് 28നു ജെറുസലേമിലെ ഡെപ്യൂട്ടി മേയറിന്റെ നേതൃത്വത്തിൽ വിലാപ മതിലിന് സമീപം ക്രൈസ്തവർക്കെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റബ്ബി ഷ്ലോമോ അമാറിന്റെ പ്രതികരണം വന്നിരിക്കുന്നത്. ചില ചെറുപ്പക്കാരായ യഹൂദരും, ദൈവത്തെ ഭയമുണ്ടെന്നും പുറമേ കാണിക്കുന്നവരും ക്രൈസ്തവരെ ശാപ വാക്കുകളാലും, നിന്ദകളാലും പീഡിപ്പിക്കുന്നുവെന്ന് മത പുരോഹിതരിൽ നിന്ന് കേൾക്കുമ്പോൾ തങ്ങൾക്ക് വിഷമമുണ്ടെന്ന് റബ്ബി പറഞ്ഞു.
തോറ ഗ്രന്ഥം പിന്തുടരാത്ത ഉത്തരവാദിത്തമില്ലാത്തവരാണ് ഇതിന് പിന്നിൽ. ഇത്തരത്തില്‍ അതിക്രമം നടത്തുവരെ റബ്ബി ഷ്ലോമോ അമാർ അനുയായികളെ വിലക്കിയിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി ദൈവത്തിന്റെ പദ്ധതിയാണെന്നു സംഘാടകര്‍ വിശേഷിപ്പിച്ച ഒരു പ്രാർത്ഥനയിൽ പങ്കെടുക്കാൻ മെയ് 28നു വിലാപമതിലിന് സമീപത്തേക്ക് ക്രൈസ്തവർ എത്തുന്നതിനിടയിലാണ് ഡെപ്യൂട്ടി മേയർ അരിയാ കിംഗിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വരുന്ന യഹൂദർ, ”മിഷ്ണറിമാർ തിരികെ മടങ്ങുക” എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയത്. പഴയ ജെറുസലേം നഗരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ചില യഹൂദർ തങ്ങളുടെ ശരീരത്തിൽ തുപ്പാറുണ്ടെന്നു കഴിഞ്ഞ മാസങ്ങളിൽ ക്രിസ്ത്യന്‍ പുരോഹിതർ വെളിപ്പെടുത്തൽ നടത്തിയതും ചര്‍ച്ചയായിരിന്നു.
ഇതിനിടയിൽ ഇസ്രായേൽ ഇൻകമിംഗ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഓഫീസർ യോസി ഫാട്ടേൽ ജെറുസലേമിൽ നടന്ന പ്രതിഷേധ പ്രകടനത്തെ അപലപിച്ചുകൊണ്ട് ജെറുസലേം മേയർ മോശേ ലയണിന് കത്തെഴുതി. കുറ്റക്കാരെ ശിക്ഷിക്കണമെന്നും, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും കത്തിലുണ്ട്. യഹൂദ വിശ്വാസിയാണ് എന്നതിന്റെ പേരിൽ ആരെങ്കിലും മുഖത്ത് തുപ്പിയാൽ എന്തായിരിക്കും തോന്നുകയെന്ന് ചോദിച്ച യോസി ഫാട്ടേൽ, ക്രൈസ്തവരുടെ മുഖത്ത് തുപ്പുന്നത് അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ എന്ന രാജ്യത്തിന്റെ മുഖത്തും, അന്തസ്സിലും തുപ്പുന്നതിന് തുല്യമാണെന്ന് കൂട്ടിച്ചേർത്തു. ഇസ്രായേലില്‍ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ക്രൈസ്തവര്‍ ഏറെവിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും വെളിപ്പെടുത്തലുണ്ടായിരിന്നു.