പാസ്റ്റർ സന്തോഷിനെ സഹപാഠികൾ ആദരിക്കുന്നു

തിരുവല്ല: കിണറ്റിൽ വീണ യുവതിയെ അരമണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനിടെ അതിവ സാഹസികമായി രക്ഷപെടുത്തിയ കാസർകോട് ഹോസ്ദുർഗ് സെൻ്ററിലെ ഐ പി സി കോട്ടോടി സഭാശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് കെ പി യെ വെണ്ണിക്കുളം ബഥനി സ്കൂൾ ഓഫ് ആർട്സ് ആൻഡ് തിയോളജിയിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ആദരിക്കും. ഇന്ന് വൈകിട്ട് 6 മണിക്ക് സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്. സമ്മേളനത്തിൽ ഡോ.മാത്യുസ് ചാക്കോ മുഖ്യ അതിഥിയായിരിക്കും.
മുമ്പ് തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ നിന്നും മൂന്നു പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ അനുഭവവും സന്തോഷിൻ്റ ജീവിതത്തിലുണ്ട്. ഈ അപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു.
ഇക്കുറി പശുവിനെ മേയിക്കാൻ പോയ യുവതിയും പശുകിടാവും കൂടിയാണ് കിണറ്റിൽ വീണത്. സാമാന്യം ആഴമുള്ള കിണറ്റിൽ ഇറങ്ങിയ പാസ്റ്റർ സന്തോഷ് യുവതിയെയും പശുകിടാവിനെയും അതീവ സാഹസികമായാണ് രക്ഷിച്ചത്.
