ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ തിങ്കളാഴ്ച്ച ഹൃദയാഘാതം സംഭവതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. ബുധനാഴ്ച്ച ശ്വസന ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ആറ് തവണ ഹിമാചല്‍ പ്രദേശ മുഖ്യമന്ത്രിയായിരുന്നു വീര്‍ഭദ്ര സിംഗ്. ഒമ്പത് തവണ ഹിമാചല്‍ എംഎല്‍എ ആയും അഞ്ചു തവണ പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജൂൺ 11 ന് വീരഭദ്ര സിംഗിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിനിടയിൽ രണ്ട് തവണയാണ് അദ്ദേഹം കോവിഡ് ബാധിതനായത്. ഏപ്രിൽ 12 നായിരുന്നു അദ്ദേഹത്തിന് ആദ്യം കോവിഡ് ബാധിച്ചത്. തുടർന്ന് ഏതാനും ദിവസങ്ങൾ ഛണ്ഡീഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ മുപ്പതിന് ഡിസ്ചാർജ് ആയി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ശ്വസന തടസ്സവും ഹൃദയസംബന്ധിയായ ബുദ്ധിമുട്ടുകളേയും തുടർന്ന് വൈകാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും കോവിഡ് ബാധിതനായത്.
മുൻ എംപി പ്രഭിത സിംഗ് ആണ് ഭാര്യ. മകൻ വിക്രമാദിത്യ ഷിംല റൂറലിൽ നിന്നുള്ള എംഎൽഎയാണ്.
1998 മുതൽ 2003 വരെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1977,79,80, 2012 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയും ഹിമാചൽ പ്രദേശ് കോൺഗ്രസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ടിച്ചു.
