ഒന്നേമുക്കാല്‍ കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുമായി സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്
തിരുവനതപുരം: സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച്, കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തും ആരോഗ്യ മന്ത്രി. ഒന്നേമുക്കാല്‍ കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കണ്‍ട്രോള്‍ റൂം ചെയ്യുന്നത്. ഇതേ മാതൃകയില്‍ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് പ്രതിരോധത്തിന് ആത്മാര്‍ത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കണ്‍ട്രോള്‍ റൂമിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നു എന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.
മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍, വാക്‌സിനേഷന്‍ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്.
സര്‍വയലന്‍സ് ടീം, കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആന്റ് അവയര്‍നസ് ജെനറേഷന്‍, മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ലാബ് സര്‍വയലന്‍സ് ടീം, മീഡിയ സര്‍വയലന്‍സ് ടീം, ഡോക്യുമെന്റേഷന്‍ ടീം, പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം തുടങ്ങിയ നിരവധി വിദഗ്ധ കമ്മിറ്റികളാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത്. ഓരോ ദിവസവും ഈ കമ്മിറ്റികള്‍ ചെയ്ത പ്രവര്‍ത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികള്‍ സ്വീകരിക്കുന്നത്.