രാജ്യത്തെ ആദ്യ മനോരോഗ ചികിത്സക ഡോ. ശാരദ മേനോൻ അന്തരിച്ചു
പാലക്കാട് ശ്രീകൃഷ്ണപുരം മാമ്പിളിക്കളം കുടുംബാംഗമാണ്.
ചെന്നൈ: രാജ്യത്തെ ആദ്യ മനോരോഗ ചികിത്സക ഡോ. ശാരദ മേനോൻ അന്തരിച്ചു. 98 വയസ്സായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം മാമ്പിളിക്കളം കുടുംബാംഗമാണ്. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസതടസ്സത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മംഗളൂരുവിലാണ് ജനനം. 1951ൽ മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പാസായി. തുടർന്ന് ബംഗളൂരുവിൽ മനോരോഗ ചികിത്സയിൽ രണ്ടുവർഷത്തെ ഉപരിപഠനം.
ഏറെക്കാലം ചെന്നൈ മെഡിക്കൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിെൻറ മേധാവിയായിരുന്നു. 1978ൽ വിരമിച്ചു. ചെന്നൈ കീഴ്പാക്കം ഓർമെസ് റോഡിൽ ക്ലിനിക്കും നടത്തിയിരുന്നു. അശരണരായ മനോരോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയാണ് ശ്രദ്ധേയയായത്. 1984ൽ ‘സ്കാർഫ് ഇന്ത്യ’ എന്ന സന്നദ്ധ സംഘടനക്കും പിന്നീട് മാനസികാസ്വാസ്ഥ്യമുള്ളവരുടെ കുടുംബ സംഘടനയായ ‘ആശ’ക്കും രൂപം നൽകി.
1992ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഇതിനു പുറമെ തമിഴ്നാട് സർക്കാറിെൻറയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പുരസ്കാരത്തിന് അർഹയായി. തമിഴ്നാട് അഡീഷനൽ ഐ.ജിയായ മങ്കട കോവിലകത്തെ പരേതനായ ശ്രീകുമാര മേനോനാണ് ഭർത്താവ്. നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.