ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചനം നേടാം; കേരള പോലീസ് നിർദ്ദേശിക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ…
സമയനിയന്ത്രണത്തിൽ മാത്രമല്ല കുട്ടികൾ കാണുന്നത് എന്താണെന്നും ശ്രദ്ധിക്കണം.
കുട്ടികൾ ചിലവഴിക്കുന്ന സമയ ദൈർഘ്യം പരിമിതപ്പെടുത്തുന്നതിനേക്കാളുപരി കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ എന്താണ് ചെയ്യുന്നതെന്നും അവർ കാണുന്ന ഉള്ളടക്കവും നെറ്റ്വർക്കുകളും മാതാപിതാക്കൾ ശ്രദ്ധിക്കണം.
കുട്ടികളുമായി വൈജ്ഞാനിക ഇടവേളകൾക്ക് സമയം കണ്ടെത്തുക.
കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന, അവരുടെ ഭാഷാപരവും വൈജ്ഞാനികവും സാമൂഹികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന വിനോദ ഇടവേളകൾ ക്രമീകരിക്കുക. മാതാപിതാക്കൾക്കും ഇത് ഗുണം ചെയ്യും.
ഡിജിറ്റൽ ഉപകരണങ്ങളുടെ സാന്നിധ്യമില്ലാത്ത ഭക്ഷണസമയം.
പ്രതിദിനം ഒരു നേരമെങ്കിലും ഡിജിറ്റൽ ഉപകരണങ്ങളുടെ സാന്നിധ്യമില്ലാത്ത ഭക്ഷണസമയം സകുടുംബത്തിനുമായി കണ്ടെത്തുക. അത്തരം ഭക്ഷണ വേളകളിലെ സംഭാഷണങ്ങൾ നിങ്ങളുടെ കുട്ടിയുടെ സാമൂഹികവും വൈകാരികവുമായ മാനസികനില വികസിപ്പിക്കാനും മുഴുവൻ കുടുംബത്തിനും സമ്മർദ്ദം ലഘൂകരിക്കാനും സഹായിക്കും.
കിടക്കുന്നതിന് മുൻപ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വേണ്ട.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എങ്കിലും സ്ക്രീൻ സമയം അവസാനിപ്പിക്കുന്നത് സുഖകരമായ ഉറക്കത്തിനും കൃത്യസമയത്ത് ഉണരുന്നതിനും കാരണമാകുന്നു..
ഇടവിട്ടുള്ള “സോഷ്യൽ മീഡിയ ഉപവാസം.”
അതാത് ആവശ്യങ്ങൾക്കല്ലാതെ ജോലി സമയത്തും പഠന സമയത്തും അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കുക. അതുമൂലം ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കൃത്യസമയത്ത് ചുമതലകൾ പൂർത്തിയാക്കാനും കഴിയുന്നു.
ഓൺലൈൻ ഗെയിമുകളിൽ മുഴുകുന്ന കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിച്ച് അവരുടെ കൂട്ടുകാരോട് പാഠ്യവിഷയങ്ങളെ കുറിച്ചോ മറ്റു ക്രിയാത്മക വിഷയങ്ങളെ കുറിച്ചോ സംസാരിപ്പിക്കാം.
നല്ല ഹോബികൾ ശീലിപ്പിക്കുക , കഴിവുകൾ വികസിപ്പിക്കുക.
കുട്ടികളെ ഓഫ്ലൈനിൽ സജീവമായി നിലനിർത്താൻ സഹായിക്കുന്ന ആവേശകരമായ നിരവധി ഹോബികൾ ഓൺലൈനിൽ ഉണ്ട്. ജോലി, പഠനം, സാമൂഹ്യവൽക്കരണം, കളി തുടങ്ങി ജീവിതം ഓൺലൈനിൽ ഒതുക്കാതെ മാതാപിതാക്കളും കുട്ടികളും ചേർന്ന് മറ്റു പല നല്ല വിഷയങ്ങളും കണ്ടെത്തി സജീവമാകണം
ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരു നിശ്ചിത അകലത്തിൽ സൂക്ഷിക്കുക.
ഉടനെ എത്തി എടുക്കാൻ പറ്റാത്ത രീതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി നിശ്ചിത അകലം പാലിച്ച് ഒരു സ്ഥലം കണ്ടെത്തുക. പകരം, പത്രങ്ങൾ, പസിലുകൾ, കോമിക്ക് പുസ്തകങ്ങൾ, ബോർഡ് ഗെയിമുകൾ, തുടങ്ങിയ സ്ക്രീൻ ഇതര വിഷയങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക.
വിരസതയും ചിലനേരം നല്ലതിനാണ്
വിരസമായ സമയങ്ങളിൽ കുട്ടികൾ അവരുടേതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിവരുമ്പോൾ, അത് അവരുടെ ഭാവന വികസിപ്പിക്കാനുള്ള അവസരവുമാകുന്നു.
കുട്ടികൾക്ക് മാതൃകയാവൂ.
ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിനു മുൻപ് രക്ഷിതാക്കൾ അവർക്ക് മാതൃകയാവണം.
#keralapolice