കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക; സ്‌കൂളുകള്‍ തുറക്കും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെംഗളുരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി കർണാടക മുഖ്യമന്ത്രി സി.എം ബസവരാജ് ബൊമ്മെ.
ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ രാത്രി ഒമ്പതുമുതൽ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഡോ.ദേവി ഷെട്ടി, ഡോ.മഞ്ജുനാഥ്, ഡോ.രവി, ഡോ.സുദർശൻ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
രണ്ടുഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. 9-12 ക്ലാസുകൾ ഓഗസ്റ്റ് 23ന് തുറക്കും.
ഒരാഴ്ച മൂന്നുദിവസം വീതം ഒരു ബാച്ചിന് എന്ന രീതിയിൽ വിദ്യാർഥികളെ രണ്ടുബാച്ചായി തിരിച്ചിട്ടായിരിക്കും സ്കൂളുകളുടെ പ്രവർത്തനം.
കോവിഡ് മൂന്നാംതരംഗത്തെ മുന്നിൽ കണ്ട് എത്രയും വേഗം കോവിഡ് ടാക്സ് ഫോഴ്സിന് രൂപം നൽകുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.
