ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിന് 2 വയസ്സ്

17.11.2021 | ബുധൻ   

ലോകത്തെ പിടിച്ച് വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്. 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കൊവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറി.

ലോകം മാറിമറിഞ്ഞ 2 വർഷമാണു കടന്നുപോകുന്നത്. ആഗോള രാജ്യങ്ങൾ ഇന്നുവരെ കാണാത്ത പ്രതിസന്ധിയുടെ കാലം കൂടിയായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങൾ. കൊവിഡിനെ പ്രതിരോധിക്കാൻ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ രാജ്യങ്ങളുടെ സാമ്പത്തിക നില കൂപ്പുകുത്തി.

കൊവിഡ് വിഴുങ്ങിയ ജീവനും ജീവിതങ്ങളും ഏറെയാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസഷന്റെ കണക്കുപ്രകാരം കൊവിഡ് മഹാമാരിയിൽ ഇതുവരെ പൊലിഞ്ഞത് 5104 899 പേരുടെ ജീവനുകളാണ് (16-11-21 വരെയുള്ള നിരക്കാണിത്). പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിക്ക് മുൻപിൽ രാജ്യങ്ങളും അവിടത്തെ ഭരണകൂടവും പകച്ചു നിൽക്കുകയായിരുന്നു.

ആദ്യ ഘട്ടങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വന്ന വാർത്തകൾ കണ്ണുനിറയാതെ കാണാൻ സാധിക്കില്ല. ഒറ്റപ്പെടലിൽ വിങ്ങിപ്പൊട്ടുന്നവർ, ഉറ്റവരുടെ ജീവൻ രക്ഷിക്കുവാൻ ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് ഓടുന്നവർ, ഗത്യന്തരമില്ലാതെ ആരോഗ്യ പ്രവർത്തകരോട് ക്ഷോഭിക്കുന്നവർ, മരുന്നിനും ഭക്ഷണത്തിനുമായി കേണപേക്ഷിക്കുന്നവർ ഇങ്ങനെ നീളുന്നു മഹാമാരിക്കാലത്തെ പൊള്ളുന്ന ഓർമകൾ.

അതേസമയം ഇന്ത്യയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് തൃശൂരിലാണ്. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയിലാണ് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ആ സമയത്ത് ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാര്യമായി അറിഞ്ഞുവരുന്നതേയുള്ളു. തൊട്ട് പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി. എന്നാൽ ആ ഘട്ടത്തിൽ മറ്റുള്ളവരിലേക്ക് രോഗം പടരാതെ നോക്കാൻ സംസ്ഥാനത്തെ ആരോ​ഗ്യ വകുപ്പ് ശ്രമിച്ചിരുന്നു.

മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊവിഡിന്റെ കരാള ഹസ്തങ്ങളിൽ ഇന്ത്യയും കുടുങ്ങി എന്ന കാര്യം ഉറപ്പായി . പിന്നീട് സൂക്ഷമവും കാര്യക്ഷമവുമായ പ്രതിരോധപ്രവർത്തനങ്ങളാണ് കേരള ജനത നടത്തിയത്. പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ആദ്യ ഘട്ടത്തിൽ കൊവിഡിനെ പിടിച്ചുകെട്ടുന്നതിൽ വിജയിക്കുകയും ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.