ഭാരതത്തിലെ ക്രൈസ്തവര്‍ ഭീതിയുടെ നിഴലില്‍; റിപ്പോര്‍ട്ടുമായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ ഗവേഷകര്‍
ലണ്ടന്‍: ഭാരതത്തിലെ ക്രൈസ്തവര്‍ ഭീതിയുടെ നിഴലില്‍; ദൈവജനം അക്രമത്തിന്റേയും അപമാനത്തിന്റേയും നിരന്തര ഭീതിയിലാണ് കഴിയുന്നതെന്ന റിപ്പോർട്ടുമായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ ഗവേഷകര്‍
ഭാരതത്തിലെ ക്രൈസ്തവര്‍ അക്രമത്തിന്റേയും അപമാനത്തിന്റേയും മാനഭംഗത്തിന്റേയും വിവേചനത്തിന്റേയും നിരന്തര ഭീതിയിലാണ് കഴിയുന്നതെന്ന റിപ്പോര്‍ട്ടുമായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ (എല്‍.എസ്.ഇ) ഗവേഷകര്‍. കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് ചുമതലപ്പെടുത്തിയതനുസരിച്ചു ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ (എല്‍.എസ്.ഇ) ഇന്ത്യന്‍ ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ മുന്‍പ് ആക്രമിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്ട്ടിനാധാരം. ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വിദേശികളാണെന്നും ഇന്ത്യന്‍ വ്യക്തിത്വത്തിന് ഭീഷണിയാണെന്നും വരുത്തിത്തീര്‍ക്കുവാനുള്ള ചില ഹിന്ദുത്വവാദികളുടെ പ്രചാരണങ്ങള്‍ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭീഷണിയായി തീര്‍ന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭൂസ്വത്ത് സംബന്ധിച്ച കേസുകളില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് മതിയായ നിയമസഹായം ലഭിക്കുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മതപരിവര്‍ത്തന നിരോധന നിയമങ്ങളാകട്ടെ മതന്യൂനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്ര്യം വിലക്കുവാന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ക്രൈസ്തവരെ കൂട്ടത്തോടെ ആക്രമിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പതിവുണ്ട്. ഹിന്ദുത്വവാദികള്‍ വയറ്റില്‍ തൊഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീ കുഞ്ഞിന് ജന്മം നല്കിയ സംഭവമുള്‍പ്പെടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തിലുള്ള അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര ഫാക്റ്റ് ഫൈന്‍ഡിംഗ് കമ്മീഷന് രേഖപ്പെടുത്തണമെന്നതുള്‍പ്പെടെ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനങ്ങള്‍ ഇല്ലാതാക്കുവാനുള്ള ചില അടിയന്തിര നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനു നേര്‍ക്ക് കണ്ണടക്കുവാന്‍ ഇനി അന്താരാഷ്ട്ര സമൂഹത്തിനു കഴിയില്ലെന്നു ഓപ്പണ്‍ ഡോഴ്സ് യു.കെ, അയര്‍ലന്‍ഡ് അഡ്വോക്കാസി തലവനായ ഡേവിഡ് ലാന്‍ഡ്രം പറഞ്ഞു. രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിടുന്ന ക്രൂരവും, ആസൂത്രിതവുമായ മതപീഡനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.