ഇനിമുതൽ രാജ്യത്ത് എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ ഐ.ഡി
ഡൽഹി: രാജ്യത്ത് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റൽ ഹെൽത്ത് കാര്‍ഡുകള്‍ ലഭ്യമാക്കാനും ചികിത്സാ സംബന്ധമായ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് ആയുഷ്മാൻ ഭാരത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. വ്യക്തികളുടെ അനുമതിയോടു കൂടി ആരോഗ്യരേഖകള്‍ ഡിജിറ്റൽ രൂപത്തിലൂടെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലേയ്ക്ക് തടസ്സമില്ലാതെ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി:
പദ്ധതിയിലൂടെ ഓരോ പൗരനും ഒരു ആരോഗ്യ ഐ.ഡി നൽകും. അത് അവരുടെ ആരോഗ്യവിവരങ്ങൾ അടങ്ങിയ അക്കൗണ്ടായിരിക്കും. ഇതിലേക്ക് വ്യക്തിഗത, ആരോഗ്യ രേഖകൾ ബന്ധിപ്പിക്കും. ഇത് മൊബൈൽ ആപ്ലിക്കേഷന്‍റെ സഹായത്തോടെ കാണാനാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഹെൽത്ത് കെയർ പ്രഫഷനൽസ് രജിസ്ട്രി, ഹെൽത്ത് കെയർ ഫെസിലിറ്റീസ് രജിസ്ട്രി എന്നിവ ഇതിന്‍റെ ഭാഗമാകും. എല്ലാ ആരോഗ്യസേവന കേന്ദ്രങ്ങളിലും ഇവ ലഭ്യമാകുകയും ഡോക്ടർമാർ/ ആശുപത്രികൾ, ആരോഗ്യ പരിപാലന സേവന ദാതാക്കൾ തുടങ്ങിയവ ഇതിന്‍റെ ഭാഗമാകുകയും ചെയ്യും. രാജ്യത്തെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ആരോഗ്യരംഗത്തെ സേവനങ്ങൾ ലഭിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.
14 അക്ക തിരിച്ചറിയൽ നമ്പറാണ് ഡിജിറ്റൽ ആരോഗ്യ ഐ.ഡിയായി പ്രവർത്തിക്കുക. ഇതിലേക്ക് ആശുപത്രിയിൽ എത്തുന്നതിന്‍റെയും പരിശോധനകൾ നടത്തുന്നതിന്‍റെയും വിവരങ്ങളും പരിശോധന ഫലങ്ങളും ഡോക്ടറുടെ നിഗമനങ്ങളും കൂട്ടിച്ചേർക്കും. വ്യക്തികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും ഒരുപോലെ ഇവ ഉപയോഗിക്കാനാകും. കൂടാതെ എളുപ്പത്തിൽ ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ലഭ്യമാകും.