ഇന്ത്യയുടെ പുതിയ പാർലമന്റ് മന്ദിരത്തിന്റെ സൗണ്ട് സിസ്റ്റം സജ്ജമാക്കിയത് സുവിശേഷകൻ്റെ മകൻ
ന്യൂഡൽഹി: ഇന്ത്യൻ പാർലമെൻ്റിന്റെ ശബ്ദമായി തിരുവല്ല മഞ്ഞാടി സ്വദേശി ബ്രദർ ചെറിയാൻ ജോർജ്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ശബ്ദ സംവിധാനം സജ്ജമാക്കിയത് സുവിശേഷ സംഘടനയായ തിരുവല്ല നവജീവോദയത്തിന്റെ തലവൻ ശ്രീ ജോർജ് ചെറിയാന്റെ മകൻ ബ്രദർ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എൻജിനീയറിങ് ബിരുദം നേടിയ ബ്രദർ ചെറിയാൻ എം ബി എ എടുത്ത ശേഷം വിദേശത്തുൾപ്പെടെ പല സൗണ്ട് സിസ്റ്റം കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കരാർ നേടിയ ജർമൻ കമ്പനി ഫോൺ ഓഡിയോയുടെ ദക്ഷിണേഷ്യ റീജനൽ ഡയറക്ടറായ ബ്രദർ ചെറിയാൻ നയിക്കുന്ന സംഘം കഴിഞ്ഞ ഒന്നര വർഷമായി ഇതു സജ്ജമാക്കാനുള്ള പ്രയത്നത്തിലായിരുന്നു.
ലോക്സഭ, രാജ്യസഭാ ചേംബറുകളിലെ ശബ്ദ സംവിധാനമാണ് ഫോൻ ഓഡിയോ ഒരുക്കിയത്. ഇലക്ട്രോണിക് ബീം സ്റ്റിയറിങ് സാങ്കേതിക വിദ്യയിലെ മികവിലൂടെയാണ് പാർലമെന്റ് മന്ദിരത്തിൽ ശബ്ദ സംവിധാനം ഒരുക്കാൻ കരാർ നേടിയത്. കുറെയേറെ സ്പീക്കറുകളുടെ കോലാഹലമില്ലാതെ, ഹാളിലെ എല്ലായിടത്തും മികവോടെ ശബ്ദം എത്തിക്കാൻ ഫോൻ ഓഡിയോയ്ക്കു കഴിയുമെന്നു ബ്രദർ ചെറിയാൻ പറഞ്ഞു.