പാസ്റ്റർ ബിജു ബേബിക്കു യാത്രയയപ്പ് നൽകി
റിയാദ്: കഴിഞ്ഞ ഇരുപത്തിയൊന്നിലേറെ വര്‍ഷത്തെ സ്തുത്യര്‍ഹമായ ജോലിക്കും ശുശ്രൂഷക്കും ശേഷം അയർലണ്ടിലേക്കു പോകുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റും ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ബിജു ബേബി (കൊട്ടാരക്കര) ക്ക് റിയാദിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ വകയായി വികാരഭരിതമായ യാത്രയയപ്പ് നല്‍കി.
റിയാദ് റീജിയണിലെ പാസ്റ്റർമാരും അവരുടെ കുടുംബാംഗങ്ങളും നിരവധി ദൈവമക്കളും ഒത്തുചേര്‍ന്ന് നല്‍കിയ യാത്രയയപ്പ് യോഗത്തിന് പാസ്റ്റർ സി.ടി. വർഗ്ഗീസ് (അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് റിയാദ് റീജിയൺ പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിച്ചു.
ആടുകള്‍ക്കു മുമ്പെ നടക്കുന്ന നല്ല ഇടയനായ യേശുക്രിസ്തുവിൻ്റെ നിയോഗപ്രകാരം കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷക്കാലം സൗദി അറേബ്യയിലും ഭാരതത്തിലുമായി ജോലിയോടൊപ്പം കർത്തൃശുശ്രൂഷക്കും സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയും, പലപ്പോഴും സ്വന്തം ആരോഗ്യത്തേക്കാളും കുടുംബത്തേക്കാളുമധികം തന്നെ ഏൽപ്പിച്ച ആട്ടിൻകൂട്ടത്തെ പരിപാലിക്കുകയും അവരുടെ ആത്മീയവളര്‍ച്ചക്കും, ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പാസ്റ്റർ ബിജു ബേബിയെന്നു അധ്യക്ഷ പ്രസംഗത്തിൽ പാസ്റ്റർ സി.ടി.വർഗ്ഗീസ് ഓർമ്മിപ്പിച്ചു.
മൂന്നു വ്യാഴവട്ടത്തിലേറെ റിയാദിൽ കർത്തൃവേലയോടുള്ള ബന്ധത്തിൽ നിസ്തുല സേവനം അനുഷ്ഠിച്ച പാസ്റ്റർ ബിജുവിൻ്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് പാസ്റ്റർ വി.ഐ. ഉമ്മച്ചൻ സംസാരിക്കുകയും ആദരസൂചകമായി മൊമെൻ്റൊ നൽകുകയും ചെയ്തു. തൻ്റെ വിവിധങ്ങളായ ശുശ്രൂഷകളെല്ലാം റിയാദിലെ ദൈവജനത്തിൻ്റെ നന്മക്കുതകുന്നതും, ദൈവരാജ്യത്തിൻറെ വ്യാപ്തിക്കു വളരെ സഹായകരം ആയിരുന്നതുമാണെന്നും പാസ്റ്റർ ഉമ്മച്ചൻ കൂട്ടിച്ചേർത്തു.
പാസ്റ്റർ റെജി തലവടി (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൗദി അറേബ്യ പ്രസിഡന്റ് ), പാസ്റ്റർ റെജി ഓതറ (ഐപിസി റിയാദ് റീജയൺ പ്രസിഡന്റ്) എന്നിവർ പാസ്റ്റർ ബിജു ബേബിയോടു തങ്ങൾക്കുണ്ടായിരുന്ന സ്‌നേഹബന്ധത്തെക്കുറിച്ചു പങ്കുവയ്ക്കുകയും, അനുഗ്രഹിക്കപെട്ട സന്ദേശം നല്കുകയും ചെയ്തു.
പിന്നീട് ആശംസാ പ്രസംഗങ്ങൾ നടത്തിയ പാസ്റ്റർ റെജി തുവയൂർ(ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയൻ ഓവർസിയർ) പാസ്റ്റർ റെജി കുമളി(ഐപിസി മിഡ് വെസ്റ്റ് പ്രസിഡൻ്റ്) തുടങ്ങിയവർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ പാസ്റ്റർ ബിജു ബേബിയില്‍ നിന്നും ലഭിച്ച സ്‌നേഹത്തെയും കരുതലിനെയും കുറിച്ചു സംസാരിച്ചു.മറ്റ് അനേകം ദൈവദാസന്മാരും ആശംസാകൾ അറിയിച്ചു.
ആടിൻ്റെ മണമുള്ള ഇടയനാണ് തങ്ങളുടെ പാസ്റ്ററെന്നു സഭാംഗമായ ഇവാ. ജോർജ്ജ് ഫിലിപ്പ് അനുസ്മരിച്ചു. കടന്നുചെല്ലുന്ന അയർലണ്ടിലും പാസ്റ്റർ ബിജുവിൻ്റെ പ്രവര്‍ത്തനങ്ങള്‍ അറുപതും, നൂറുമേനിയായി വിളയെട്ടെയെന്നും, ആയുസ്സും, ആരോഗ്യവും നല്‍കി അനുഗ്രഹീതമായ ദൈവവേല നടത്തുവാന്‍ ദൈവം സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
റിയാദിലെ സഭകളുടെയും ശുശ്രൂഷകന്മാരുടെയും പേരിലുള്ള സ്നേഹോപഹാരം ബ്രദർ ഷാജി വര്ഗീസ് പാസ്റ്റർ ബിജു ബേബിക്കും കുടുംബത്തിനും കൈമാറി.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ (സി.എ) സംസ്ഥാന ട്രഷററായി പ്രവർത്തിച്ചിരുന്ന പാസ്റ്റർ ബിജു ബേബിയുടെ പ്രവർത്തനങ്ങൾ കേരളക്കരയിലും സൗദി അറേബ്യയിലും ഉള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭാ പ്രവർത്തനങ്ങൾക്ക് എക്കാലത്തും മുതൽക്കൂട്ടായിരുന്നു എന്ന് പാസ്റ്റർ സ്റ്റാൻലി പോൾ അനുമോദനമായി പറഞ്ഞു.നിറപുഞ്ചിരിയോടുകൂടി ഏതു ജീവിത പ്രതിസന്ധികളെയും തരണം ചെയ്യുവാൻ തനിക്കായതു ദൈവകൃപയാൽ മാത്രമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
യുവജന പ്രവർത്തകനായിരുന്ന കാലത്ത് ആരംഭിച്ച ആത്മാർത്ഥമായ സ്നേഹബന്ധം ഇന്നും തുടരാൻ ആകുന്നതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും പാസ്റ്റർ സ്റ്റാൻലി കൂട്ടിച്ചേർത്തു.
പാസ്റ്റർ ബിജു ബേബി തൻ്റെ മറുപടി പ്രസംഗത്തില്‍, കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷക്കാലം റിയാദിൽ ജോലിയോടൊപ്പം സുവിശേഷ വേലയിലും സേവനമനുഷ്ഠിക്കാന്‍ ഇടയാക്കിയ ദൈവകൃപയെ ഓര്‍ത്ത് നന്ദികരേറ്റിയതോടൊപ്പം, സമയവും കാലവും കണ്ടെത്തി ഈ യാത്രയയപ്പു മീറ്റിംഗില്‍ കടന്നുവന്ന എല്ലാവരോടുമുള്ള നന്ദിയും, സ്‌നേഹവും അറിയിച്ചു.
തിരക്കുപിടിച്ച ജോലി സാഹചര്യത്തിലും നിരവധി സമ്മർദ്ദങ്ങൾക്കു നടുവിലും കർത്താവിന്റെ വേലയിൽ തനിക്ക് ഫലപ്രദമായി പ്രയോജനപ്പെടുവാൻ കഴിഞ്ഞതിനു പിന്നിൽ തന്റെ സഹധർമ്മിണി ലീന ബിജുവും മക്കളായ ലിയോണ ബിജു, ലിഡിയ ബിജു, അബിയാ ബിജു എന്നിവരുടെ സേവനങ്ങളെയും പിന്തുണയെയും ഒരിക്കലും മറക്കാനാകില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു.
റിയാദ് റീജണല്‍ പാസ്റ്റേഴ്സ് ഫെലോഷിപ്പിനു വേണ്ടി ഇവാ: ബിജു രാജു(ബിജു പാലസ്) നന്ദി പ്രകാശനം നടത്തി. പാസ്റ്റർ ഷാജി ഡാനിയൽ, പാസ്റ്റർ സ്റ്റാൻലി പോൾ എന്നിവർ യോഗക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.