ഡോ. കെ.വി. പോൾ പിള്ളയുടെ ഭാര്യ ആനി പോൾ നിര്യാതയായി
ന്യൂഡൽഹി: ഗ്രേസ് ബൈബിൾ കോളേജ് സ്ഥാപകൻ ഡോ. കെ.വി. പോൾ പിള്ളയുടെ ഭാര്യ ആനി പോൾ നിര്യാതയായി. ജനുവരി 19 രാത്രയായിരുന്നു അന്ത്യം. ന്യൂഡൽഹി ഗ്രീൻപാർക്കിലുള്ള വസതിയിൽ മകൻ സുജയ് പിള്ളയ്ക്കൊപ്പം ആയിരുന്നു താമസം. സംസ്ക്കാരം 21 ന് നടക്കും.
ഇന്ത്യയില്‍ ഏറ്റവുമധികം സുവിശേഷപ്രവര്‍ത്തകരെ ദൈവവചനം പഠിപ്പിച്ച് സുവിശേഷവേലക്കിറക്കിയ ഹരിയാന ഗ്രേസ് ബൈബിള്‍ കോളജിൻ്റെയും ഇന്ത്യാ ഇന്‍ലാന്‍ഡ് മിഷന്‍ എന്ന മിഷണറി പ്രസ്ഥാനത്തിൻ്റെയും തുടക്കത്തിന് ഡോ.പോള്‍ പിള്ളയോടൊപ്പം സമർപ്പണത്തോടെ കഠിനാദ്ധ്വാനം ചെയ്ത ധീര വനിതാ രത്നമായിരുന്നു അന്നമ്മ എന്ന ആനി പോൾ. പത്തനംതിട്ടജില്ലയിൽ കുമ്പളാംപൊയ്ക പള്ളിക്കൽ കുടുംബാംഗമാണ്.
തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂരില്‍ ഒരു നായര്‍ തറവാട്ടില്‍ 1932 ആഗസ്റ്റ് 15ന് ജനിച്ച വിശ്വനാഥന്‍ ആന്‍ഡമാന്‍സില്‍ നിയമ വകുപ്പില്‍ ജോലി ചെയ്യവേയാണ് യേശുവിനെ രക്ഷിതാവായി സ്വീകരിച്ചത്. സുവിശേഷ ദര്‍ശനം ഹൃദയത്തില്‍ ഏറ്റെടുത്തു. ജോലി രാജിവെച്ച് മദ്രാസിലെ ഹിന്ദുസ്ഥാന്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ ചേര്‍ന്ന് വചനം പഠിച്ചു. അമേരിക്കന്‍ വനിതയായ മദര്‍ മദര്‍ ഗ്രാനസിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി 1961-ല്‍ അമേരിക്കയില്‍ പഠനം നടത്താനെത്തി. രണ്ടു വര്‍ഷം പഠനം. 1962-ല്‍ അമേരിക്കയില്‍ വെച്ചാണ് കുമ്പളാംപൊയ്ക സ്വദേശി അന്നമ്മ തോമസിനെ പോൾ പിള്ള വിവാഹം കഴിക്കുന്നത്.
വിവാഹത്തിൻ്റെ അടുത്ത ദിവസങ്ങളില്‍ തന്നെ അമേരിക്കയിലെ സുഖകരമായ ജീവിതം വേണ്ടെന്നുവെച്ച് ഭാരത സുവിശേഷീകരണത്തിൻ്റെ ദര്‍ശനവുമായി ഇരുവരും നാട്ടിലേക്ക് മടങ്ങി. 1963 മുതല്‍ ഡല്‍ഹിയില്‍ ഒരു വാടകവീട്ടില്‍ താമസിച്ച് കഷ്ടതയുടെ മധ്യത്തില്‍ ആ നവദമ്പതികള്‍ കര്‍തൃശുശ്രൂഷ ചെയ്തു. 1970-ല്‍ മദര്‍ ഗ്രാനസ് ഡല്‍ഹിയിലെത്തി. തൻ്റെ പ്രിയ ശിഷ്യൻ്റെ ദുരിത പൂര്‍ണ്ണമായ വാടക വീട് കണ്ട് ഗ്രാനസിൻ്റെ മനസലിഞ്ഞു. അവര്‍ ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്കില്‍ സ്ഥലം വാങ്ങി വീടും പള്ളിയും പണിതു നല്‍കി. അതാണ് ഇന്നത്തെ ഡല്‍ഹി ബൈബിള്‍ ചര്‍ച്ച്.
1977ല്‍ ഗ്രെയ്‌സ് ബൈബിള്‍ കോളജിതുടക്കമായി. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വചന പരിജ്ഞാനം നല്‍കുന്നതിനായി പോൾ പിള്ളയും ആനിയും ചേർന്ന് ആരംഭിച്ച സ്ഥാപനം ഇന്ത്യയിലെ മിഷന്‍ ചരിത്രത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ വേദപാഠശാലയായി മാറിയെന്നതാണ് സത്യം. പോള്‍ പിള്ളയുടെ ”ഇന്ത്യാ സേര്‍ച്ച് ഫോര്‍ ദ അണ്‍നോണ്‍ ക്രൈസ്റ്റ്” എന്ന ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്.
ഡോ.പോള്‍ പിള്ള അന്നമ്മ ദമ്പതികള്‍ക്ക് അഞ്ച് മക്കള്‍: അജയ്, സജയ്, വിജയ്, ജെയ്മ, ജെസിക.