പാചകവിദഗ്ധനും സിനിമാ നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍

തിരുവല്ല: ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം. പതിമൂന്നുവയസ്സുകാരിയായ ഒരു മകളുണ്ട്.

പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് നൗഷാദിന്റേത്. തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന് പാചക താല്‍പര്യം പകര്‍ന്നുകിട്ടിയത്.

കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. മാഗസിനുകളില്‍ പാചക കോളങ്ങള്‍ എഴുതിയും ശ്രദ്ധേയനായിരുന്നു നൗഷാദ്.

നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷന്‍ പാചക പരിപാടികളില്‍ അവതാരകനായിട്ടുണ്ട്. കലാ ഹൃദയമുള്ള വ്യക്തി കൂടായായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സിനിമാ നിര്‍മ്മാണ രംഗത്തും കൈവെച്ചത്.

സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മ്മിച്ചായിരുന്നു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലുള്ള തുടക്കം. ഈ സിനിമ കലാമൂല്യത്തില്‍ ഏറെ മുന്നിലായിരുന്നു. ഇതോടെ ശ്രദ്ധേയ നിര്‍മ്മാതാവായ അദ്ദേഹം തുടര്‍ന്നും സിനിമകള്‍ നിര്‍മ്മിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മിച്ചു. ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകള്‍: നഷ്വ.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.